പന്തളത്ത് ആർട്ടിസ്റ്റ് വല്യത്താന്റെ ഗാലറി ഇന്ന് തുറക്കും
text_fieldsആർട്ടിസ്റ്റ് വി എസ് വല്യത്താൻ
പന്തളം: ചിത്രകല ഗുരുവായ വി.എസ്. വല്യത്താൻ വരച്ച ചിത്രങ്ങൾ അടങ്ങിയ ഗാലറി ഞായറാഴ്ച സാംസ്കാരിക കേരളത്തിനായി സമർപ്പിക്കും. പന്തളം മണികണ്ഠനാൽത്തറക്ക് സമീപം ഒരുക്കിയ ഗാലറിയിൽ വല്യത്താന്റെ ചിത്രങ്ങൾ ഇനിയുള്ള കാലം മിഴിവൂറി നിൽക്കും.
ജീവതാവസാനംവരെ വരയുടെ ലോകത്ത് വിരാജിച്ച ചിത്രകാരനെത്തേടി അംഗീകാരങ്ങളെത്തിയത് അവസാന നാളുകളിലാണ്. 1996ൽ കേരള ചിത്രകല പരിഷത്തിന്റെ ഫെലോഷിപ്പും, 2002ൽ കേരള ലളിതകല അക്കാദമിയുടെ ചിത്രകല പുരസ്കാരവും അദ്ദേഹം ഏറ്റുവാങ്ങി.
2006ൽ 86ാമത്തെ വയസിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരുലക്ഷം രൂപയുടെ രാജാ രവിവർമ പുരസ്കാരം ഏറ്റുവാങ്ങാൻ നിൽക്കാതെ ക്ലാസിക് കലയുടെ കാരണവർ ജൂൺ 21ന് വരയുടെ ലോകത്തുനിന്ന് വിടവാങ്ങി. അദ്ദേഹത്തിന്റെ ഓർമക്കായി ശിഷ്യരും കുടുംബാംഗങ്ങളും ചേർന്നാണ് ഗാലറി തയ്യാറാക്കിയത്. ഇന്ന് വൈകീട്ട് നാലിന് പന്തളം എമിനൻസ് ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ഗാലറി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എം.പി, ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, പന്തളം നഗരസഭ ചെയർമാൻ അച്ചൻകുഞ്ഞ് ജോൺ എന്നിവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് പന്തളം എമിനൻസ് സ്കൂളിൽ ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 30 ചിത്രകാരൻമാർ പങ്കെടുക്കുന്ന ചിത്രകല ക്യാമ്പും നടക്കും.
കാൻവാസിൽ വെളിച്ചവും ഇരുട്ടും സൃഷ്ടിച്ച പ്രതിഭ
രവിവർമ ശൈലിയുടെ സവിശേഷതകൾ ആർജിച്ച് ചിത്രരചന നടത്തിയ കലാകാരനായിരുന്നു വട്ടപ്പറമ്പിൽ ശങ്കരൻ വല്യത്താനെന്ന ആർട്ടിസ്റ്റ് വി.എസ്. വല്യത്താൻ. വെളിച്ചം-നിഴൽ എന്ന കണക്കിൽ ചിത്രഭാഷ ഉപയോഗിക്കുന്നതിലുള്ള കഴിവ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും തെളിഞ്ഞുകാണാം. സ്ത്രീ സൗന്ദര്യത്തെ വര കൊണ്ട് പ്രത്യേക അഴകിൽ കാഴ്ചക്കാരിലേക്കെത്തിക്കുന്നതും സവിശേഷതയായിരുന്നു. മോഡലുകളെ ഉപയോഗിക്കാതെ മനസിൽ വിരിയുന്ന മുഖങ്ങളും പ്രകൃതി ഭംഗികളും കഥകളും കാൻവാസിലേക്ക് പകർത്തിയപ്പോൾ അവ ജീവനുള്ളവയായി മാറുകയായിരുന്നു. ഛായാചിത്രങ്ങളേക്കാൾ തന്റെ കഴിവ് തെളിയിച്ചതും വിഷയാധിഷ്ഠിത ചിത്രങ്ങളുടെ രചനയിലാണ്. ചിത്രങ്ങൾക്ക് യോജിക്കുന്ന സാഹചര്യങ്ങൾ പിന്നിലെ ദൃശ്യങ്ങളാൽ വരച്ചുചേർക്കുന്നതിലും വ്യത്യസ്തത പുലർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

