പന്തളം കടക്കാൻ പണിപ്പെടും
text_fieldsപന്തളത്ത് തിങ്കളാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
പന്തളം: ഓണത്തിരക്കിൽ വീർപ്പുമുട്ടി പന്തളം നഗരം. കഴിഞ്ഞ ദിവസം മൂന്നു കിലോമീറ്റർവരെ വാഹനങ്ങളുടെ നിര നീണ്ടു. തിങ്കളാഴ്ച കുരമ്പാല മുതൽ കുളനട മെഡിക്കൽ ട്രസ്റ്റാശുപത്രി ജങ്ഷൻ വരെയായിരുന്നു വാഹനങ്ങളുടെ നിര.
മെഡിക്കൽ മിഷൻ, കോളജ് ജങ്ഷൻ, കുളനട ടി.ബി ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങൾ ചെറിയ വാഹനങ്ങൾ പോലും കടന്നുപോകാനാകാത്ത വിധം തിരക്കിലമർന്നു. ഗതാഗത തടസ്സം കൂടിയപ്പോൾ സിഗ്നൽ ലൈറ്റ് അണച്ചും സിഗ്നലിന് സമയ ദൈർഘ്യം കൂട്ടിയും കുരുക്കഴിക്കാൻ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.
തിരക്ക് കുറക്കാൻ പലതവണ ഗതാഗത പരിഷ്കാരം നടപ്പിലാക്കിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. സ്വകാര്യ ബസുകൾ സ്റ്റാൻഡിൽനിന്നിറക്കി വീണ്ടും റോഡിൽ നിറുത്തുന്നതും കുരുക്കിന് ഇടയാക്കുന്നുണ്ട്. എം.സി റോഡിലും പന്തളം-മാവേലിക്കര റോഡിലുമുള്ള അനധികൃത പാർക്കിങും ഗതാഗതത്തിന് തടസ്സമാണ്.
ബൈപാസ് നിർമിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അഞ്ചു വർഷമായിട്ടും പണി ആരംഭിച്ചിട്ടില്ല. പദ്ധതിക്ക് 15 കോടി അനുവദിച്ചിരുന്നു. റോഡിന് അളന്നു തിരിച്ചിട്ട കല്ലുകൾ പലതും കാണാതായി. കേരള റോഡ് ഫണ്ട് ബോർഡിനാണ് കിഫ്ബി ഏറ്റെടുത്ത പണിയുടെ ഇപ്പോഴത്തെ ചുമതല. ഇവരും കല്ലിടൽ നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

