തെരുവുനായ് ശല്യം രൂക്ഷം: രണ്ടുദിവസത്തിനിടെ കടിയേറ്റത് പത്തിലേറെപ്പേർക്ക്
text_fieldsപന്തളം: നഗരപരിധിയില്‍ തെരുവുനായ് ശല്യം രൂക്ഷം. വിദ്യാർഥിനിയടക്കം രണ്ടുദിവസത്തിനിടെ പത്തിലേറെപ്പേർക്കാണ് നായുടെ കടിയേറ്റത്. പന്തളം എൻ.എസ്.എസ് കോളജിന് സമീപവും പരിസരത്തെ ഇടവഴികളുമായാണ് നിരവധിപേർക്ക് കഴിഞ്ഞദിവസങ്ങളിൽ നായുടെ കടിയേറ്റത്.
നായുടെ കടിയേറ്റ പലരും പന്തളത്തെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂൾ കോളജ് വിദ്യാർഥികളെ കോളജിലെ പരിസരത്തുവെച്ച് പിന്നാലെ നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചു. സാരമായി മുറിവേറ്റ പലരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
പന്തളത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിരോധ മരുന്നില്ലാത്തതിനാല്‍ പലരും അടൂർ ഗവ. ആശുപത്രിയെയാണ് സമീപിക്കുന്നത്. തെരുവുനായ്ക്കളുടെ അക്രമണം പെരുകിയ സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലും മദ്റസയിലും അയക്കന്‍ രക്ഷിതാക്കള്‍ ഭയക്കുകയാണ്.

