പന്തളത്ത് തെരുവ് നായ് ശല്യം രൂക്ഷം; നിരവധി പേർക്ക് കടിയേറ്റു
text_fieldsപന്തളം: പന്തളത്ത് തെരുവ് നായ് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരെ കടിച്ചു. അന്യസംസ്ഥാന തൊഴിലാളികൾക്കും കടിയേറ്റു. പന്തളം കടയക്കാട്, മെഡിക്കൽ മിഷൻ പ്രദേശങ്ങളിലും ടൗണുകളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകലുമായി നിരവധി പേർക്കാണ് കടിയേറ്റത്. സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഒരു രാത്രിയും പകലുമായി പത്തോളം പേരെയാണ് നായ് കടിച്ചത്. പന്തളം, കടക്കാട്, ശങ്കരത്തിൽ മുംതാസ് (55), പന്തളം, കടക്കാട്, ശങ്കരത്തിൽ അസലം (7), പന്തളം, കടക്കാട്, ഞെരുവേരത്ത് രാജൻ പിള്ള (66), പന്തളം, പൂഴിക്കാട് രതീഷ് ഭവനിൽ സോമൻ (67), പശ്ചിമബംഗാൾ സ്വദേശികളായ അൻസാർ അലി, അഹമ്മദലി എന്നിവർക്കും കടിയേറ്റിരുന്നു. ഇവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ കാലിൽ ആഴത്തിലാണ് മുറിവേറ്റിരിക്കുന്നത്. മുറിവേറ്റവർ അടൂർ താലൂക്ക് ആശുപത്രിയിലും പന്തളത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
ട്യൂഷനും സ്കൂളുകളിലും പോകുന്ന വിദ്യാർഥികളും നായ്ക്കളെ പേടിച്ചാണ് യാത്ര ചെയ്യുന്നത്. മാസത്തിനുള്ളിൽ പന്തളത്ത് തെരുവ് നായ്ക്കളുടെ കടിയേറ്റത് 30 ലധികം പേർക്കാണ്.
പന്തളം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി സ്റ്റാൻഡ്, കടക്കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെല്ലാം തെരുവ് നായ് ശല്യം അതിരൂക്ഷമാണ്. നഗരസഭ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

