ഭർത്താവിന് ശ്വാസകോശം ചുരുങ്ങൽ, ഭാര്യക്ക് അർബുദം, വീട് ജപ്തി ഭീഷണിയിൽ.. പകച്ചു നിൽക്കുകയാണീ കുടംബം
text_fieldsസജിയും ഭാര്യ റീനയും
പന്തളം: വിധിയുടെ ക്രൂരമായ വിളയാട്ടത്തിന് മുന്നിൽ ആലംബമില്ലാതെ പകച്ചുനിൽക്കുകയാണ് ഒരു കുടുംബം. പന്തളം നഗരസഭയിൽ പൂഴിക്കാട് 29ാം ഡിവിഷനിൽ ബിൻസി വില്ലയിൽ സജി തോമസും കുടുംബവുമാണ് ഒരു കണ്ണീർക്കഥയായി കരുണ വറ്റാത്ത സുമനസ്സുകളുടെ മുന്നിലെത്തിയിരിക്കുന്നത്.
48കാരനായ സജി ഓട്ടോ ഡ്രൈവറാണ്. ആകെയുള്ള മൂന്ന് സെൻറ് ഭൂമിയിൽ ഒരു ചെറിയ വീടുെവച്ച് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം കഴിയുകയായിരുന്നു സജി. ആറുവർഷം മുമ്പാണ് സജിയുടെ ജീവിതം തകർത്തുള്ള വിധിയുടെ ആദ്യ പ്രഹരമേൽക്കുന്നത്. ശ്വാസംമുട്ടലിെൻറ ബുദ്ധിമുട്ടുകൾ ഇൻഹേലറിെൻറ സഹായത്തോടെ നിയന്ത്രിച്ച് തൊഴിൽ ചെയ്തു ജീവിക്കുകയായിരുന്നു. ന്യുമോണിയ ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയേപ്പാൾ ചികിത്സിച്ച ഡോ. വേണുഗോപാലാണ് സജിയുടെ രോഗം കണ്ടെത്തിയത്.
ശ്വാസകോശം ചുരുങ്ങുന്ന രോഗമാണ് സജിയെ പിടികൂടിയിരിക്കുന്നത്. മിനി വെൻറിലേറ്ററായ ബൈപാപ് ഉപയോഗിച്ച് മാത്രമേ ജീവിതം നിലനിർത്താനാകൂ എന്നറിഞ്ഞ സജി തളരാതെ പിടിച്ചുനിൽക്കാനാണ് ശ്രമിച്ചത്. സാമ്പത്തികമായി തകർന്ന സജിക്ക് ഒരു സൗഹൃദ കൂട്ടായ്മ മിനി വെൻറിലേറ്ററായ ബൈപാപ് വാങ്ങി നൽകിയത് ഏറെ ആശ്വാസമായി. രാത്രി പൂർണമായും ഇത് ധരിച്ചുകൊണ്ടു മാത്രമേ ഉറങ്ങാൻ കഴിയൂ. പകലും ഇടക്കിടെ ഇത് ഉപയോഗിച്ചെങ്കിലേ ജീവൻ നിലനിർത്താൻ കഴിയൂ. അതോടെ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനവും ഇല്ലാതായി.
ദുരിതം അവിടെയും അവസാനിച്ചില്ല. സജി ചികിത്സയിലിരിക്കെയാണ് ഏഴാം ക്ലാസ് വിദ്യാർഥിനിയായ മൂത്ത മകൾ 12 വയസ്സുള്ള ബിൻസിക്ക് രക്താർബുദം സ്ഥിരീകരിക്കുന്നത്. തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സ ആരംഭിച്ചു. എന്നാൽ, ആറുമാസം കഴിഞ്ഞപ്പോഴേക്കും മകൾ മരിച്ചു. മനസ്സ് തകർന്നെങ്കിലും ഭാര്യക്കും ഇളയ മകൾക്കുമായി എല്ലാം സഹിച്ച് വിധിയെ നേരിട്ട് മുന്നോട്ടു നീങ്ങി. ഭാര്യ റീനാമോൾ (36) സജിക്ക് താങ്ങായി നിന്നു. പന്തളത്ത് ഒരു വസ്ത്രവ്യാപാരശാലയിൽ ജോലി ചെയ്തുവരുകയായിരുന്നു റീന.
ഇപ്പോൾ വിധിയുടെ മൂന്നാമത്തെ ക്രൂരതയാണ് സജിയുടെ കുടുംബത്തെ ഉലച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പ് തുമ്മലും പനിയുമായി ചികിത്സ തേടിയ റീനയെയും അർബുദം ബാധിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഇപ്പോൾ തിരുവനന്തപുരം ആർ.സി.സിയിലെ ചികിത്സയിലാണ്.
ഓപറേഷനുള്ള തീയതി തിങ്കളാഴ്ച ഡോക്ടർമാർ തീരുമാനിക്കും. രോഗബാധിതയായതോടെ റീനക്ക് ജോലിക്ക് പോകാനും കഴിയാതായിരിക്കുകയാണ്. ഇപ്പോൾ രണ്ടുപേരുടെ ചികിത്സക്കും കുടുംബത്തിെൻറ നിത്യവൃത്തിക്കും വഴികാണാതെ പകച്ചു നിൽക്കുകയാണ് സജി. ഒപ്പം, മൂത്ത മകളുടെ ചികിത്സക്ക് കെ.എസ്.എഫ്.ഇയിൽനിന്ന് എടുത്ത അഞ്ചുലക്ഷം രൂപ തിരിച്ചടക്കാനാവാത്തതിനാൽ ആകെയുള്ള കിടപ്പാടവും ജപ്തി ഭീഷണിയിലാണ്.
സജി തോമസ്
ഫോൺ നമ്പർ: 8157952653.
അക്കൗണ്ട് നമ്പർ : 0337053000008263, IFSC: SIBL0000337,
സൗത്ത് ഇൻഡ്യൻ ബാങ്ക്, പന്തളം ശാഖ