ഓപറേഷൻ തൂഫാൻ; പൊലീസിനെ കബളിപ്പിക്കാൻ പുതിയ തന്ത്രങ്ങളുമായി ലഹരിസംഘങ്ങൾ
text_fieldsപന്തളത്ത് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ‘ലഹരിക്കെതിരെ കൂട്ടയോട്ടം’
പന്തളം: ഓപറേഷൻ തൂഫാനുമായി പൊലീസ് സജീവമായതോടെ പൊലീസിനെ കബളിപ്പിക്കുന്ന പുതിയ തന്ത്രവുമായി ലഹരിസംഘം. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ വാങ്ങാൻ പോകുന്നവരുടെയും വലിയ തോതിൽ കഞ്ചാവ് ശേഖരിക്കാൻ ആന്ധ്രയിലേക്കും ഒഡിഷയിലേക്കും പോകുന്നവരെയും കുറിച്ച് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവരുടെ ഫോൺ നമ്പർ ട്രാക്ക് ചെയ്താണ് പൊലീസ്, ഇവർ ലഹരി വാങ്ങി തിരികെയെത്തുമ്പോൾ പിടികൂടുന്നത്. എന്നാൽ, ഇതിൽനിന്ന് രക്ഷപ്പെടാൻ രണ്ടാഴ്ചയായി പുതിയ തന്ത്രം പരീക്ഷിച്ച് പൊലീസിന്റെ ശ്രദ്ധ തിരിക്കുകയാണ് ലഹരി കടത്തു സംഘങ്ങൾ.
ഇവിടെനിന്ന് ഒരാൾ പോകുകയും ഈ വിവരം പൊലീസിന് ലഭിക്കുന്ന തരത്തിൽ ചോർത്തുകയും ചെയ്യും. ഇയാളുടെ ഫോൺ ട്രാക്ക് ചെയ്തു കാത്തിരിക്കുന്ന പൊലീസിന് പക്ഷേ, വെറും കൈയോടെ തിരികെ വരുന്നയാളെയാണ് കിട്ടുന്നത്. ഫോൺ ഉപയോഗിക്കാത്ത ഒരാളെ കൂടെ കൊണ്ടുപോയി ഇയാൾ ലഹരി വേറെ വഴിയിലൂടെ കടത്തുന്നതാണ് രീതി. ഓപറേഷൻ തൂഫാനിൽ പൊലീസ് വലവിരിച്ചതോടെ ലഹരി വസ്തുക്കളുടെ വരവു കുറഞ്ഞതിനാൽ ഇത് കിട്ടാതെ ബുദ്ധിമുട്ടിലായ പതിവുകാർ ബംഗളൂരുവിൽ താമസിച്ച് ലഹരി ഉപയോഗിക്കുന്നെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവരെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുകയാണ്. അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഇത്തരം കേസുകളിൽ നേരത്തെ ഇടപെട്ട് ഇപ്പോൾ ജാമ്യത്തിലുള്ളവരെയും പൊലീസ് നിരീക്ഷിച്ചുവരുകയാണ്. പന്തളത്തെ ലഹരിവേട്ടയെ തുടർന്ന് ഡൽഹിയിൽനിന്ന് നൈജീരിയ പൗരനെ പൊലീസ് പിടികൂടിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊലീസ് സേനയുടെ ‘ലഹരിക്കെതിരെ കൂട്ടയോട്ടം’ പരിപാടി പന്തളത്ത് ബുധനാഴ്ച സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

