ബലക്ഷയം; പഴയ ഷോപ്പിങ് കോംപ്ലക്സ് പൊളിക്കും
text_fieldsബലക്ഷയം കാരണം പൊളിച്ചുനീക്കാൻ പന്തളം നഗരസഭ ഭരണസമിതി തീരുമാനമെടുത്ത പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം
പന്തളം: അപകടാവസ്ഥയിലായ പന്തളം നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സ്ഥിതി ചെയ്യുന്ന പഴയ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം പൊളിക്കാൻ നഗരസഭ കൗൺസിലിൽ തീരുമാനമായി.
സ്വകാര്യ ബസ് സ്റ്റാൻഡിനു തെക്ക് ഭാഗത്തുള്ള കെട്ടിടമാണ് പൊളിക്കുക. സ്റ്റാൻഡിൽനിന്ന് പുറത്തേക്കുള്ള വഴിയുടെ പടിഞ്ഞാറ് ഭാഗത്തെ കടമുറികളും നേരത്തെ ലൈബ്രറി പ്രവർത്തിച്ചിരുന്ന മുകൾനിലയുമാണ് പൊളിക്കാൻ തീരുമാനിച്ചത്.
വശത്തെ കോൺക്രീറ്റ് ഷെയ്ഡ് ഏതുസമയവും നിലംപൊത്താവുന്ന നിലയിലുമാണ്. 1998ൽ നിർമിച്ചതാണു കെട്ടിടം. കമ്യൂണിറ്റി ഹാൾ ബലക്ഷയം കാരണം നേരത്തെ പൊളിച്ചു. മുകൾ നിലയിൽ പ്രവർത്തിച്ചിരുന്ന നഗരസഭ ലൈബ്രറി ബി.എസ്.എൻ.എൽ കെട്ടിടത്തിലേക്കു മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ബലക്ഷയം സ്ഥിരീകരിച്ചത്.
കഴിഞ്ഞ നവംബർ നാലിലെ കൗൺസിലിൽ തീരുമാനവുമെടുത്തിരുന്നു. ഇപ്പോഴത്തെ ഭരണസമിതി വന്നതിനു ശേഷം ധന, വികസനകാര്യ സ്ഥിരസമിതിയിൽ വിഷയം ചർച്ച ചെയ്തു. കെട്ടിടം പൊളിക്കണമെന്ന തീരുമാനം കഴിഞ്ഞ ദിവസത്തെ കൗൺസിലിലും ചർച്ച ചെയ്താണ് അന്തിമ തീരുമാനം. ബലക്ഷയം പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പിനാണ് അധികാരമെന്നതു പരിശോധിക്കണമെന്നു കോൺഗ്രസ് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

