ദുരിതപ്പെയ്ത്ത്; ചിറ്റിലപ്പാടത്തും മഞ്ഞനംകുളത്തും നെൽകൃഷി പ്രതിസന്ധിയിൽ ആയിരക്കണക്കിനു രൂപയുടെ വിത്തുകൾ നഷ്ടമായി
text_fieldsവെള്ളത്തിൽ മുങ്ങിയ ചിറ്റിലപ്പാടം പാടശേഖരം
പന്തളം: ചിറ്റിലപ്പാടത്തും മഞ്ഞനംകുളം പാടത്തും നെൽകൃഷിക്കായി പാകിയ വിത്തുകളും കിളിപ്പിച്ചവയും ശക്തമായ മഴയിൽ നശിച്ചു. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴ കർഷകർക്ക് ദുരിതമായിരിക്കുകയാണ്. ഇതുമൂലം പാകിയ വിത്തുകൾ ഒലിച്ചുപോയി. മുളപ്പിച്ച് ദിവസങ്ങളായി പാകാൻ കാത്തിരുന്ന പാടശേഖരത്ത് ശക്തമായ മഴയിൽ വെള്ളം കയറിയതിനാൽ പോകാൻ കഴിയാതായി.
ആയിരക്കണക്കിനു രൂപ വിലമതിക്കുന്ന വിത്തുകളാണ് ഇങ്ങനെ നഷ്ടപ്പെട്ടിരിക്കുന്നത്. കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകിയും നാശം സംഭവിച്ച കർഷകർക്ക് സൗജന്യമായി വിത്തുകൾ നൽകിയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് നഗരസഭ കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.
അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു; ക്ഷേത്രക്കടവുകൾ അടച്ചു. അപകട സാധ്യത കണക്കിലെടുത്താണ് അധികൃതർ കടവ് കയർ കെട്ടിയടച്ചത്
പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതേതുടർന്ന് ക്ഷേത്രക്കടവുകൾ അടച്ചു. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തിപ്പെട്ടതോടെ അച്ചൻകോവിലാറ്റിൽ പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പന്തളം വലിയ കോയിക്കൽ ശ്രീധർമ ശാസ്താക്ഷേത്രക്കടവ് അധികൃതർ അടച്ചു.
തീർഥാടകർ കുളിക്കാൻ ഇറങ്ങുമ്പോൾ അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് അധികൃതർ കടവ് കയർകെട്ടിയടച്ച് നിരോധനം ഏർപ്പെടുത്തിയത്. ആറ്റിൽ 10 അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. ക്ഷേത്രക്കടവിൽ തടയണയുടെ ഭാഗത്ത് കുത്തൊഴുക്കാണ്. ശനിയാഴ്ച പുലർച്ച മുതൽ മഴ ശക്തമായതിനാൽ ആറ്റിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിന്റെ കടവും ഊട്ടുപുരക്കടവുമാണ് അഗ്നിരക്ഷാസേന കയർകൊണ്ട് ബന്ധിച്ച് സുരക്ഷയൊരുക്കിയിട്ടുള്ളത്.
അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രക്കടവിൽ നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ
കിഴക്കൻ മേഖലയിൽ മഴ ശക്തമായതാണ് ഒരുദിവസംകൊണ്ട് അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരാൻ കാരണമായത്. തീർഥാടനകാലം ആരംഭിച്ചപ്പോൾത്തന്നെ ജലനിരപ്പ് ഉയർന്നുകിടന്നതിനാൽ താൽക്കാലിക സുരക്ഷാവേലികെട്ടിയാണ് തീർഥാടകരെ കുളിക്കാൻ അനുവദിച്ചിരുന്നത്. തടയണയിൽ വേലികെട്ടാൻ കഴിയാതെ വന്നതോടെയാണ് കുളിക്കാനിറങ്ങുന്ന ഭാഗത്തുതന്നെ വേലികെട്ടി സുരക്ഷയൊരുക്കിയത്. അഗ്നിരക്ഷാസേനയുടെ ഉദ്യോഗസ്ഥരും മുങ്ങൽ വിദഗ്ധരും പോലീസും ഇവിടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന് സമീപത്തെ രണ്ട് കുളിക്കടവാണ് തീർഥാടകർ കൂടുതലായി ഉപയോഗിക്കുന്നത്. കുളനട പഞ്ചായത്ത് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ള കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് സമീപത്തെ ക്ഷേത്രക്കടവുകളും കുളിക്കാൻ ഉപയോഗിക്കുന്നുണ്ട്. ഇവിടെയും ജലസേചനവകുപ്പ് സുരക്ഷാവേലി കെട്ടിയിട്ടുണ്ട്. എന്നാൽ, ഇവിടെ വലിയകോയിക്കൽ ക്ഷേത്രക്കടവിലുള്ള അത്രയും ശക്തമായ ഒഴുക്കില്ല. മുൻകാലങ്ങളിൽ ഡിസംബറിൽ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഇപ്പോൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

