കാണാതായ സ്കൂട്ടറിൻറെ ഫോട്ടോ ഫേസ് ബുക്കിൽ ഇട്ടു; പിന്നാലെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാർ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് കണ്ടെത്തി
text_fieldsപന്തളം: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട സ്കൂട്ടർ ഫേസ്ബുക്കിൽ പോസ്റ്റായി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഉടമക്ക് തിരികെക്കിട്ടി. പന്തളം കുരമ്പാല തെക്ക് തണ്ടാനുവിള സുനീഷ് ഭവനിൽ സുഭദ്രാമ്മക്കാണ് സ്കൂട്ടർ തിരികെ ലഭിച്ചത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം രഘു പെരുമ്പുളിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇതിന് സഹായകമായത്.
ഒരു മാസം മുമ്പ് കുളനടയിൽ നിന്നാണ് സ്കൂട്ടർ കാണാതായത്. സുഭദ്രാമ്മയുടെ മകൻ സനീഷ് ഉള്ളന്നൂരിലുള്ള ഭാര്യാപിതാവ് ശശികുമാറിന് ഉപയോഗിക്കാനായി കുളനടയിലെത്തിച്ചതാണ് സ്കൂട്ടർ. ശശികുമാർ പറഞ്ഞ പ്രകാരം കുളനട പെട്രോൾ പമ്പിന് സമീപം വാഹനം വെച്ചശേഷം സനീഷ് മടങ്ങി. എന്നാൽ, ശശികുമാർ വാഹനം എടുക്കാനെത്തിയില്ല. സ്കൂട്ടർ ശശികുമാർ കൊണ്ടുപോയിക്കാണുമെന്ന് സനീഷ് കരുതി. കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് സ്കൂട്ടറിന്റെ കാര്യം ഇരുവരും സംസാരിക്കുന്നത്. തുടർന്ന് വെച്ച സ്ഥലത്തെത്തിയപ്പോൾ സ്കൂട്ടറില്ല.
ഇതിനിടെ, പന്തളത്തെ ബാർ ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ താക്കോൽ ഉൾപ്പെടെ സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിലിരിക്കുന്ന വിവരം ഹോട്ടൽ ജീവനക്കാർ പൊലീസിലറിയിച്ചു. പിന്നീടാണ്, ശനിയാഴ്ച രഘു ഫേസ്ബുക്കിൽ സ്കൂട്ടറിന്റെ ചിത്രം സഹിതം പോസ്റ്റിട്ടത്. ഇത് ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടതോടെ ഉടമയായ സുഭദ്രാമ്മ ബുധനാഴ്ച വാഹനം തേടിയെത്തി. ഹോട്ടൽ ജീവനക്കാരുടെ സാന്നിധ്യത്തിൽ രഘു, സ്കൂട്ടർ സുഭദ്രാമ്മക്ക് കൈമാറി. ഒരു വർഷം മുമ്പ്, കുരമ്പാലയിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ട സ്കൂട്ടർ, ഉടമയായ ചങ്ങനാശ്ശേരി സ്വദേശി സുരേഷ് ബാബുവിന് തിരികെ ലഭിച്ചതും രഘു പെരുമ്പുളിക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

