പന്തളം നഗരസഭ പാസാക്കിയ അജണ്ടക്കെതിരെ എൽ.ഡി.എഫിന്റെ വിയോജനക്കുറിപ്പ്
text_fieldsപന്തളം: പന്തളം നഗരസഭയിൽ വെള്ളിയാഴ്ച പാസാക്കിയ അജണ്ടയിൽ എൽ.ഡി.എഫ് കൗൺസിൽമാർ വിയോജനക്കുറിപ്പ് നൽകി. കൗൺസിൽ അജണ്ട പാസാക്കി 48 മണിക്കൂറിനകം വിയോജനക്കുറിപ്പ് നൽകിയാൽ മതി.
ഇതിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ചയാണ് എൽ.ഡി.എഫ് കൗൺസിലർമാർ വിയോജനക്കുറിപ്പ് സെക്രട്ടറിക്ക് കൈമാറിയത്. ഭരണകക്ഷിയായ ബി.ജെ.പിയിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ വെള്ളിയാഴ്ച പാസാക്കിയ അജണ്ടക്ക് എൽ.ഡി.എഫ് മൗനാനുവാദം നൽകിയത് ഏറെ വിവാദമായിരുന്നു. അസഭ്യം പറഞ്ഞ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 ദിവസത്തിലേറെയായി നഗരസഭ കവാടത്തിൽ സമരം നടന്നുവരികയാണ്. ഇതിനിടെയാണ് വെള്ളിയാഴ്ച നഗരസഭ കൗൺസിൽ യോഗം ചെയർപേഴ്സൻ വിളിച്ചുകൂട്ടിയത്. ബി.ജെ.പിയിലെ പാർലമെന്ററി പാർട്ടി ലീഡർ കെ.വി. പ്രഭ ഉൾപ്പെടെ അഞ്ചോളം കൗൺസിലർമാർ യോഗത്തിൽനിന്ന് വിട്ടുനിന്നു. യു.ഡി.എഫിലെ അഞ്ച് കൗൺസിലർമാരും വിയോജനക്കുറിപ്പ് നൽകി പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, എൽ.ഡി.എഫിലെ ഒമ്പത് കൗൺസിൽമാരും ബി.ജെ.പിയുടെ തീരുമാനത്തോടൊപ്പം നിൽക്കുകയായിരുന്നു.
നാടിനെ പൊതുവായി ബാധിക്കുന്ന അജണ്ടയായതുകൊണ്ടാണ് കൗൺസിൽ യോഗ തീരുമാനത്തിനൊപ്പം നിന്നത് എന്നാണ് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിത നായർ പറഞ്ഞത്. പിന്നീട് വിവാദമായതോടെ വിയോജനക്കുറിപ്പ് നൽകുകയായിരുന്നു.
അടുത്തിടെ എൽ.ഡി.എഫിനോട് ഒപ്പംചേർന്ന അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താനും വിയോജനക്കുറിപ്പ് നൽകി.
ചെയർപേഴ്സനും ഭരണകക്ഷി കൗൺസിലറും തമ്മിലുണ്ടായ വാക്കേറ്റത്തെത്തുടർന്ന് സ്തംഭനാവസ്ഥയിലായ കൗൺസിൽ വെള്ളിയാഴ്ചയും ബഹളത്തിൽ മുങ്ങിയാണ് പിരിഞ്ഞത്. പി.എം.എ.വൈ ഒമ്പതാം ഡി.പി.ആറുമായി ബന്ധപ്പെട്ട കാര്യവും കടയ്ക്കാട് മത്സ്യച്ചന്തയുടെ അനുമതി പിൻവലിച്ചതുമായി ബന്ധപ്പെട്ട കാര്യവും ചർച്ചചെയ്യാനായി വിളിച്ചുകൂട്ടിയ കൗൺസിൽ യോഗമാണ് വെള്ളിയാഴ്ച നടന്നത്. 18 അംഗങ്ങളുള്ള ബി.ജെ.പി.യിലെ ആറുപേർ കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല.
യോഗം ആരംഭിക്കുന്നതിന് മുമ്പേ യു.ഡി.എഫ് അംഗങ്ങൾ വിയോജനവും അറിയിച്ചു. അജണ്ട പാസായതായി ചെയർപേഴ്സൻ സുശീല സന്തോഷ് പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

