സംസ്ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് പന്തളത്തെ കാർഷിക മേഖല
text_fieldsപ്രതീകാത്മക ചിത്രം
പന്തളം: ബജറ്റിൽ പ്രതീക്ഷ അർപ്പിച്ച് പന്തളത്തെ കാർഷിക മേഖല. ആലപ്പുഴ- പത്തനംതിട്ട ജില്ലകളോട് ചേർന്ന് കിടക്കുന്ന വിശാലമായ പാടശേഖരങ്ങൾക്ക് ഈ നാടിന് സുപരിചിതനായ കൃഷി മന്ത്രി പുതിയ ബജറ്റിലൂടെ കാര്യമായ പരിഗണന നൽകുമെന്നാണ് കർഷകരുടെ വിശ്വാസം. മുൻബജറ്റുകളൊക്കെ കൃഷിമേഖലക്ക് സമ്മാനിച്ചത് നിരാശ മാത്രമാണ്. കൃഷിയും അനുബന്ധ തൊഴിൽമേഖലകളുമെല്ലാം നഷ്ടത്തിലേക്ക് കൂപ്പുകുത്തുമ്പോൾ സംസ്ഥാന ബജറ്റിൽ അതിനുള്ള പരിഹാരനടപടികൾ കർഷകർ പ്രതീക്ഷിക്കുന്നു.
നെല്ലിന്റെ സംഭരണവില വർധിപ്പിക്കുക, സംഭരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സംഭരണവില 28.20 രൂപയിൽ നിന്ന് 35 ആക്കണമെന്നാണ് ആവശ്യം. രണ്ടുവർഷത്തോളമായി സംഭരണ വിലയിൽ മാറ്റം വന്നിട്ടില്ല. കേന്ദ്രം പലതവണയായി 4.30 രൂപ സംഭരണവില വർധിപ്പിച്ചെങ്കിലും തുല്യമായി സംസ്ഥാന വിഹിതം കുറച്ചതിനാൽ കർഷകർക്ക് ഗുണം ലഭിച്ചില്ല.
സംസ്ഥാന വിഹിതം ഉയർത്താനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നു. വളം സബ്സിഡി വർധിപ്പിക്കുക, സബ്സിഡി വിതരണത്തിന് റിവോൾവിങ് ഫണ്ട്, റിങ് ബണ്ട് ആനൂകൂല്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമുണ്ട്. 10 വർഷം മുമ്പ് പ്രഖ്യാപിച്ച ലേബർ ബാങ്ക് ഇനിയെങ്കിലും യാഥാർഥ്യമായാൽ തൊഴിലാളിക്ഷാമത്തിന് പരിഹാരമാകും.
നെല്ലുസംഭരണത്തിനായി പൊതുകേന്ദ്രങ്ങൾ സ്ഥാപിച്ച് കർഷകർക്ക് അപ്പപ്പോൾ ബാങ്ക് അക്കൗണ്ടിൽ വില ലഭിക്കുന്ന രീതി നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. ഇത് നടപ്പാക്കണമെങ്കിൽ നെല്ലുസംഭരണത്തിനായി ബജറ്റിൽ പ്രത്യേക തുക നീക്കിവെക്കണം.
അല്ലെങ്കിൽ നെല്ലുവില നൽകാൻ ബാങ്കുകളുടെ കൺസോർഷ്യത്തെ ആശ്രയിക്കേണ്ടിവരും. നെൽക്കൃഷിക്കൊപ്പം തന്നെ ജില്ലയിലെ പച്ചക്കറി, പൂകൃഷി മേഖലകളെയും പരിഗണിക്കണമെന്ന ആവശ്യവുമുണ്ട്. കൃഷിയിലെ പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം, പുതിയ കാർഷികോപകരണങ്ങൾ എന്നിവക്കായി കൂടുതൽ ബജറ്റ് വിഹിതം പ്രതീക്ഷിക്കുന്നു. കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വൈദ്യുതിക്ക് നിരക്കിൽ ഇളവ് ഉൾപ്പെടെ കാലങ്ങളായി കർഷകർ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളുമുണ്ട്.
ബജറ്റിൽ പ്രതീക്ഷിക്കുന്നത്
- നെല്ലിന്റെ സംഭരണ വിലയിൽ വർധന
- സംഭരണവില വിതരണം വേഗത്തിലാക്കാനുള്ള നടപടി
- റിങ് ബണ്ട് ആനുകൂല്യത്തിൽ കാലോചിത വർധന
- വളത്തിനുള്ള സബ്സിഡി വിതരണത്തിന് റിവോൾവിങ് ഫണ്ട്
- പച്ചക്കറി, പൂകൃഷി മേഖലകളിൽ സർക്കാർ സഹായം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.