കത്തിയമർന്ന് കണ്ടാളന്തറ മല
text_fieldsപറന്തൽ കണ്ടാളന്തറ മലയിൽ കഴിഞ്ഞ രാത്രി തീപിടിച്ചപ്പോൾ
പന്തളം: തീപിടിത്തത്തിൽ ഒരുരാത്രി കൊണ്ട് പൂർണമായും കത്തിയമർന്ന് കണ്ടാളന്തറ മല. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തീപിടിച്ച പറന്തൽ കണ്ടാളൻതറ പുന്നക്കുന്നിൽ മലയിൽ 32 ഏക്കർ സ്ഥലം രാത്രി മുഴുവനും തീ ആളിപ്പടർന്നതോടെ അഗ്നിഗോളമായി മാറി.
അഞ്ചിലേറെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണിവിടെ. സംഭവസ്ഥലത്തേക്ക് വാഹനങ്ങൾ കടന്നുചെല്ലാൻ കഴിയാത്തത് അഗ്നിബാധ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടു. ആദ്യം സ്ഥലത്തെത്തിയ അടൂരിൽനിന്നുള്ള അഗ്നിരക്ഷാസേന മലയുടെ പല ഭാഗത്തായി നിന്ന് തീ അടിച്ചുകെടുത്താനുള്ള ശ്രമം ആരംഭിച്ചു.
മലയുടെ മുകളിൽ വീശിയടിച്ച കാറ്റ് തീപിടിത്തത്തിന് ആക്കം കൂട്ടി. ഓടിക്കൂടിയ നാട്ടുകാർ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചെങ്കിലും കൂടുതൽ മേഖലയിലേക്ക് വ്യാപിക്കുകയായിരുന്നു.
തീ രാത്രിയോടെ വ്യാപിച്ചത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെയും ആശങ്കപ്പെടുത്തി. തുടർന്ന് സമീപപ്രദേശങ്ങളായ മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽനിന്നും അഗ്നിരക്ഷാസേന യൂനിറ്റും സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി.
ശനിയാഴ്ച പുലർച്ച മൂന്നുമണിവരെ തീ ആളിപ്പടർന്നെങ്കിലും സമീപത്തെ ഒറ്റപ്പെട്ട വീടുകളിൽ തീ പടരാതിരിക്കാൻ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി. പുലർച്ചയോടെ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കലക്ടർ പ്രേംകൃഷ്ണൻ എന്നിവരും സ്ഥലത്തെത്തി. കൊടുമൺ, അടൂർ, പന്തളം എന്നിവിടങ്ങളിലെ പൊലീസും സ്ഥലത്തെത്തി സുരക്ഷാക്രമീകരണങ്ങൾ ഒരുക്കി.
മല കത്തിയ പ്രദേശത്ത് വീടുകൾ കൂടുതൽ ഇല്ലാത്തത് രക്ഷാപ്രവർത്തകർക്ക് സഹായമായി. വെള്ളം എത്തിക്കാൻ കഴിയുന്ന ഭാഗത്ത് വെള്ളം പമ്പ് ചെയ്തും അല്ലാത്ത സ്ഥലങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെ ഫയർ ബീറ്ററും പച്ചിലക്കമ്പുകളും മറ്റും ഉപയോഗിച്ച് തീ അടിച്ചുകെടുത്തിയുമാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം. വേണു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം സംഭവസ്ഥലത്തെത്തി കൂടുതൽ ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാൻ നടപടികൾ സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

