വില്ലേജ് ഓഫിസറുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച് തട്ടിപ്പ്
text_fieldsപന്തളം: വില്ലേജ് ഓഫിസറുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച് കെ.എസ്.എഫ്.ഇ പന്തളം ശാഖയിൽ നൽകിയതായി പരാതി. കുരമ്പാല വില്ലേജ് ഓഫിസർ ആർ. സന്തോഷ് കുമാർ ഇതുസംബന്ധിച്ച് പന്തളം പൊലീസിൽ പരാതി നൽകി. പന്തളം ശാഖയിൽ 10/2020/224 നമ്പർ ചിട്ടി പിടിക്കുന്നതിന് ജാമ്യമായാണ് വ്യാജ ഫാമിലി മെംബർഷിപ് സർട്ടിഫിക്കറ്റ് നൽകിയത്. കുരമ്പാല റോയി വില്ലയിൽ റോയി ജോസഫിെൻറ ചിട്ടിത്തുകക്ക് ജാമ്യമായി മരണപ്പെട്ട കുരമ്പാല വളത്ത് കാട്ടിൽ വടക്കേതിൽ ശങ്കരെൻറ ഫാമിലി മെംബർഷിപ് സർട്ടിഫിക്കറ്റിെൻറ പതിപ്പിൽ കുരമ്പാല വില്ലേജ് ഓഫിസറുടെ വ്യാജ ഒപ്പിട്ട് സമർപ്പിക്കുകയായിരുന്നു.
കെ.എസ്.എഫ്.ഇയുടെ റീജനൽ ഓഫിസിൽനിന്ന് വിവരം ലഭിച്ചതോടെയാണ് കുരമ്പാല വില്ലേജ് ഓഫിസർ അറിയുന്നത്. ഒരേ നമ്പറിലും ഒരേ തീയതിയിലുമുള്ള രണ്ട് സർട്ടിഫിക്കറ്റുകൾ കെ.എസ്.എഫ്.ഇയിൽ ലഭിച്ചതാണ് സംശയത്തിനിടയാക്കിയത്.
വില്ലേജ് ഓഫിസർക്ക് ലഭിച്ച ഓൺലൈൻ അപേക്ഷയിൽ ശങ്കരെൻറ വീട്ടിൽ ജീവിച്ചിരിക്കുന്ന ആറ് അംഗങ്ങളുണ്ടായിരുന്നു. ഇതാണ് ഒപ്പിട്ട് നൽകിയത്. എന്നാൽ, നാല് അംഗങ്ങളുള്ള മറ്റൊരു സർട്ടിഫിക്കറ്റാണ് പന്തളം ശാഖയിൽ നൽകിയത്.