കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക്
text_fieldsപന്തളം ചേരിയ്ക്കൽ മന്നം എം.എസ്.എം ആയുർവേദ കോളജിനു സമീപത്തെ വീടുകളിൽ വെള്ളം കയറിയ നിലയിൽ
പന്തളം: മഴയുടെ ശക്തി കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറയാത്തതിനാൽ പന്തളത്തിന്റെ പടിഞ്ഞാറ് മേഖലയിൽ വീടുകളിൽ വെള്ളം കയറി. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മുടിയൂർക്കോണം, നാഥനടി, ചേരിക്കൽ, പുതുമന തുടങ്ങിയ മേഖലകൾ ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.
അച്ചൻകോവിലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാത്തതാണ് ഏക ആശ്വാസം. ശനിയാഴ്ച പത്തോളം കുടുംബങ്ങളെ മുടിയൂർക്കോണം എൻ.ടി.എൽ.പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. സമീപത്തെ പാടശേഖരത്തിലെ മോട്ടോർതറ ശക്തമായ ഒഴുക്കിൽ തകർന്ന നിലയിലാണ്. വെള്ളം കയറിയ വീടുകളിൽനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഏറെ വൈകിയും ആളുകളെ മാറ്റുന്നുണ്ട്. മന്നം എം.എസ്.എം ആയുർവേദ കോളജിന് സമീപത്തെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

