അപകടത്തിൽ മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി
text_fieldsമരിച്ച ലിനിൽ
പന്തളം: വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിയുടെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുന്നതായി പരാതി. ഒക്ടോബറിൽ ദീപാവലി ദിവസം പന്തളം-മാവേലിക്കര റോഡിൽ കുന്നിക്കുഴി ജങ്ഷന് സമീപത്ത് വൈകീട്ട് ഏഴിനാണ അപകടമുണ്ടായത്.
പന്തളം മങ്ങാരം പ്ലാന്തോട്ടത്തിൽ പി.ജി. സുനിയുടെ മകൻ ലിനിലാണ് (ചെന്നീർക്കര എസ്.എൻ.ഡി.പി സ്കൂൾ പ്ലസ് ടു വിദ്യാർഥി ലിനിൽ -17) അപകടത്തിൽ മരിച്ചത്. അയൽവാസിയും ബന്ധുവുമായ ആരോമലുമായി (23) സ്കൂട്ടറിൽ പോകുമ്പോൾ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ ആരോമൽ ചികിത്സയിലായിരുന്നു. സ്കൂട്ടർ ഓടിച്ച ആരോമലിനെ ആറുമാസത്തിനുശേഷം പൊലീസ് അകാരണമായി ഭീഷണിപ്പെടുത്തുന്നതായി ലിനിലിന്റെ മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭരണകക്ഷിയുടെ പ്രാദേശിക നേതൃത്വം ഇടപെട്ട് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ലിനിലിന്റെ പിതാവ് സുനി പറഞ്ഞു.
തുടക്കം മുതൽ പന്തളം പൊലീസ് കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. സി.പി.എം ഏരിയ സെക്രട്ടറിയുടെ ബന്ധുവാണ് ജീപ്പ് ഓടിച്ചത്. സംഭവത്തിൽ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
രണ്ടുമാസത്തിനുശേഷം കൊല്ലം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തി. ആരോമലിനെ നേരിൽക്കണ്ട് സ്കൂട്ടർ ഓടിച്ചത് ആരോമലാണെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടും നൽകി. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയ ആരോമലിനോട് പൊലീസ് മോശമായി പെരുമാറിയതായും ഭീഷണിപ്പെടുത്തിയതായും പറഞ്ഞു.
സ്കൂട്ടർ ഓടിച്ചത് ലിനിൽ ആണെന്ന് പറയണമെന്നും മറിച്ചാണെങ്കിൽ കൊലക്കുറ്റത്തിന് കേസെടുത്ത് ജയിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ആരോമലിന്റെ കുടുംബം ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും സുനി പറഞ്ഞു. ലിനിലിന്റെ മാതാവ് പ്രതീക്ഷയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

