പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 50 പവൻ കവർന്നു
text_fieldsമോഷണം നടന്ന കുളനട ലക്ഷ്മി നികേതൻ വീട്ടിൽ
വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു
പന്തളം (പത്തനംതിട്ട): പ്രവാസിയുടെ വീട് കുത്തിത്തുറന്ന് അമ്പത് പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. എം.സി റോഡിൽ പന്തളം വലിയ പാലത്തിന് സമീപം കുളനട ലക്ഷ്മി നികേതനിൽ വി. ബിജുനാഥിന്റെ വീട്ടിലാണ് സംഭവം. ബിജുവും ഭാര്യ ബിന്ദുവും ബഹ്റൈനിലാണ്.
അമ്മ ഓമനയമ്മ മാത്രമാണ് വീട്ടിലുള്ളത്. ഇവർ രാത്രി മൂത്ത മകന്റെ വീട്ടിലായിരുന്ന സമയത്തായിരുന്നു മോഷണം. വീടിന്റെ കതക് പോളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. വ്യാഴാഴ്ച രാവിലെ അമ്മ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കതക് തുറന്നുകിടക്കുന്നത് കണ്ട് അടുത്തുള്ളവരെയും പൊലീസിലും അറിയിക്കുകയായിരുന്നു.
കിടപ്പുമുറിയിലെ അലമാരയും അതിനുള്ളിലെ ലോക്കറും കുത്തിത്തുറന്നാണ് സ്വർണം മോഷ്ടിച്ചത്. സ്വർണത്തിന്റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കൊടുമൺ സി.ഐ ശ്രീലാൽ ചന്ദ്രശേഖർ, പന്തളം എസ്.ഐ യു.വി. വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ പന്തളം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തുള്ള വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. രണ്ടുമാസം മുമ്പ് കുരമ്പാലയിലും അതിനുശേഷം പന്തളം കോളജ് ജങ്ഷനിലെ കടകളിലും മോഷണം നടന്നിരുന്നു. നാല് വീട്ടിൽ മോഷണ ശ്രമവും നടന്നു. പന്തളത്ത് കടയിൽ മോഷണം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

