പന്തളത്തെ മയക്കുമരുന്ന് വേട്ട: പൊലീസിനോട് സഹകരിക്കാതെ എക്സൈസ് ഉദ്യോഗസ്ഥർ
text_fieldsപന്തളം: മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ എക്സൈസ് സംഘത്തിന് ഗുരുതര വീഴ്ച. ശനിയാഴ്ച എം.സി റോഡിൽ മണികണ്ഠൻ ആൽത്തറക്ക് സമീപത്തെ ലോഡ്ജിൽനിന്ന് യുവതി ഉൾപ്പെടെ അഞ്ചു പേരെയാണ് മയക്കുമരുന്നുമായി ജില്ല പൊലീസ് ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടിയത്.
തിരുവനന്തപുരം റേഞ്ചിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു. ശനിയാഴ്ച രാവിലെ യുവതിയടക്കം അഞ്ചുപേരെയും 155 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയപ്പോൾ തന്നെ പൊലീസ് എക്സൈസിെൻറ സഹായം തേടിയിരുന്നു. ഇത്തരം മയക്കുമരുന്ന് കണ്ടെത്തുമ്പോൾ എക്സൈസിലെ ഗസറ്റഡ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പിടിച്ചെടുത്ത ലഹരി വസ്തു പരിശോധിക്കേണ്ടതുണ്ട്.
എന്നാൽ, അതുണ്ടായില്ല. ഇതുമൂലം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് ഒരു ദിവസം ലോഡ്ജിൽ തന്നെ താമസിപ്പിക്കേണ്ടി വന്നു. ജില്ലയിലെ മുതിർന്ന പല എക്സൈസ് ഉദ്യോഗസ്ഥരെയും പൊലീസ് ബന്ധപ്പെട്ടിരുന്നുവെങ്കിലും മറ്റ് അസൗകര്യങ്ങൾ കാരണം എല്ലാവരും ഒഴിഞ്ഞുമാറി.
കേസിൽ പഴുതടച്ച് മഹസർ തയാറാക്കിയെങ്കിൽ മാത്രമേ കോടതിയിൽ പ്രതികളുടെ ശിക്ഷ ഉറപ്പാക്കാനാകൂ. ഒടുവിൽ രാത്രിയോടെ അടൂർ തഹസിൽദാറിെൻറയും ആർ.ഡി.ഒ.യുടെയും സഹായം തേടുകയായിരുന്നു. പിന്നീട് അർധരാത്രിയിൽ അടൂർ തഹസിൽദാർ പ്രദീപ്കുമാർ ലോഡ്ജിലെത്തി പരിശോധന നടത്തിയാണ് മഹസർ തയാറാക്കിയത്. ജില്ലയിൽ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട നടന്നിട്ട് എക്സൈസ് ഉദ്യോഗസ്ഥർ എത്താതിരുന്നതിന് പിന്നിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാഹുൽ ആർ. (29), കൊല്ലം കുന്നിക്കോട് അസ്മിന മൻസിൽ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ ആര്യൻ പി. (21), പന്തളം, കുടശനാട്, പ്രസന്നഭവനം വീട്ടിൽ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരും ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

