തിരുവാഭരണം ദർശിക്കാൻ ഭക്തജന തിരക്ക്
text_fieldsപന്തളം: തിരുവാഭരണങ്ങൾ ദർശിക്കാൻ പന്തളത്ത് വൻ ഭക്തജന തിരക്ക്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പന്തളം വലിയ കോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിൽനിന്ന് പുറപ്പെടുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ രണ്ടുദിവസമായി വൻ ഭക്തജന തിരക്ക് അനുഭവപ്പെടുകയാണ്.
തിരുവാഭരണങ്ങൾ കണ്ടുമടങ്ങാൻ സ്ത്രീകൾ അടക്കമുള്ളവരുടെ തിരക്കും വർധിച്ചിട്ടുണ്ട്. വലിയകോയിക്കൽ ക്ഷേത്രത്തിലും സ്രാമ്പിക്കൽ കൊട്ടാരത്തിലും തിരുവാഭരണ ദർശനത്തിനും തിരക്കേറി. ഘോഷയാത്ര കാണാൻ നൂറുകണക്കിനു തീർഥാടകരാണ് ക്ഷേത്രത്തിലെത്തിയിട്ടുള്ളത്.
ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി അധികൃതർ പറഞ്ഞു. അഗ്നിരക്ഷാസേനയും ക്ഷേത്ര ഉപദേശകസമിതിയും വിശുദ്ധിസേനയും ചേർന്ന് ക്ഷേത്രവും പരിസരവും വൃത്തിയാക്കി. പന്തളം കൊട്ടാരം, ക്ഷേത്ര ഉപദേശകസമിതി, അയ്യപ്പസേവ സംഘം, അയ്യപ്പസേവാസമാജം, പന്തളം നഗരസഭ, അയ്യപ്പനഗർ റെസിഡന്റ്സ് അസോസിയേഷൻ അടക്കം ഘോഷയാത്രക്ക് സ്വീകരണം നൽകാനുള്ള തയാറെടുപ്പും തുടങ്ങി. പൊലീസിന്റെ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
എം.സി റോഡിൽ ഗതാഗത നിയന്ത്രണം
പന്തളം: തിരുവാഭരണ ഘോഷയാത്ര നടക്കുന്നതിനാൽ ഞായറാഴ്ച എം.സി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ മുതൽ ഗതാഗത നിയന്ത്രണമുണ്ടാകും. കോട്ടയത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ രാവിലെ എട്ടു മുതൽ കുളനട ജങ്ഷനിൽനിന്ന് തിരിഞ്ഞു അമ്പലക്കടവ് വഴി തുമ്പമൺ ജങ്ഷനിലെത്തി പോകണം.
ഘോഷയാത്ര പുറപ്പെടുന്ന സമയത്ത് മാത്രം എം.സി റോഡിൽ ഗതാഗതം അനുവദിക്കില്ല. 200 പൊലീസുകാരും 50 സ്പെഷൽ പൊലീസ് ഓഫിസർമാരും സുരക്ഷക്കുണ്ടാകും.
ക്രമീകരണവുമായി പൊലീസ്
പത്തനംതിട്ട: തിരുവാഭരണ ഘോഷയാത്ര, മകരവിളക്ക് എന്നിവയുമായി ബന്ധപ്പെട്ട പൊലീസ് ക്രമീകരണങ്ങൾ സജ്ജമായതായി ജില്ല പൊലീസ് മേധാവി വി.ജി. വിനോദ് കുമാർ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽനിന്ന് ഉച്ചക്ക് ഒന്നിനാണ് സന്നിധാനത്തേക്ക് പുറപ്പെടുന്നത്. ഘോഷയാത്രയുടെ പാതകളിലും മറ്റും തീർഥാടകർക്ക് സുരക്ഷ ഉറപ്പാക്കാൻ എല്ലാ സജ്ജീകരണങ്ങളും ഗതാഗതക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
ഘോഷയാത്രക്കുള്ള സുരക്ഷയും ഉറപ്പാക്കി. തിരുവാഭരണത്തെ അനുഗമിക്കുന്ന പൊലീസ് സംഘം ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. 14ന് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞേ ഭക്തർക്ക് പമ്പയിൽനിന്നും സന്നിധാനത്തേക്ക് ദർശനത്തിനെത്താനാവൂ. അന്ന് രാവിലെ 10നുശേഷം തീർഥാടകരെ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. വൈകീട്ട് തിരുവാഭരണം സന്നിധാനത്തെത്തി ദീപാരാധനയും മകരജ്യോതി ദർശനവും കഴിഞ്ഞിട്ടേ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ.
മകരവിളക്കുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങളും പൂർണസജ്ജമായതായി ജില്ല പൊലീസ് മേധാവി പറഞ്ഞു. വിളക്കിന് ശേഷം നിലക്കലിൽനിന്നും പുറത്തേക്കുള്ള വാഹനങ്ങൾ ഇലവുങ്കൽ, കണമല, പ്ലാപ്പള്ളി, ളാഹ പെരുനാട്, വടശ്ശേരിക്കര എന്നിങ്ങനെ യാത്ര ചെയ്യണം. എരുമേലിയിൽനിന്നുള്ള വാഹനങ്ങളെ റാന്നി ചേത്തോങ്കരയിൽ നിലക്കലിലേക്ക് തിരിയാൻ അനുവദിക്കില്ല, മന്ദിരംപടിയിലേക്ക് ഇവ തിരിഞ്ഞ് യാത്ര തുടരേണ്ടതാണ്.
എല്ലാ പാർക്കിങ് ഗ്രൗണ്ടുകളിലും ഭക്തർക്ക് വിവിധ വകുപ്പുകളുമായി ചേർന്ന് അവശ്യസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വിളക്ക് കഴിഞ്ഞാലുടൻ പമ്പയിൽ നിന്നുള്ള അറിയിപ്പനുസരിച്ച് വാഹനങ്ങൾ പുറത്തേക്ക് വിട്ടുതുടങ്ങും. ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി മേഖലയെ 13 ഡിവിഷനുകളായി തിരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് വിന്യസിച്ചിരിക്കുന്നത്. ആവശ്യത്തിന് സ്ട്രൈക്കർ സംഘങ്ങളെയും നിയോഗിച്ചതായി ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

