പന്തളം: ജോലിതേടി 40 വർഷം മുമ്പ് പഞ്ചാബിലെത്തി പിന്നീട് കാണാതായ ആളെ 72ാം വയസ്സിൽ കണ്ടെത്തി. മലയാളി സമാജത്തിെൻറ സഹായത്തോടെ ഇദ്ദേഹത്തെ ഞായറാഴ്ച നാട്ടിലെത്തിക്കും. പന്തളം മുടിയൂർക്കോണം കീപ്പള്ളിൽ കുഞ്ഞുപിള്ളയെയാണ്(72) പഞ്ചാബിലെത്തിയ ബന്ധുക്കൾ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. ഞായറാഴ്ച കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തും.
32ാം വയസ്സിലാണ് പഞ്ചാബിലുണ്ടായിരുന്ന ചന്ദനപ്പള്ളി സ്വദേശികളായ ബന്ധുക്കൾക്കരികിലേക്ക് കുഞ്ഞുപിള്ള ജോലിതേടിയെത്തിയത്. പിന്നീട് പല കമ്പനികളിലും സ്ഥാപനങ്ങളിലും ജോലിനോക്കി. എ.കെ.പിള്ളയെന്ന പേരിലായിരുന്നു ബന്ധുക്കൾക്കും മലയാളികൾക്കുമിടയിൽ അറിയപ്പെട്ടിരുന്നത്. 15 വർഷത്തോളം ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെട്ട് നിന്നിരുന്നു. പിന്നീടാണ് ഇദ്ദേഹത്തെക്കുറിച്ച് വിവരങ്ങൾ ലഭിക്കാതായത്. അന്വേഷണം നടത്തിയിട്ടും വിവരം ലഭിച്ചില്ല.
മൂന്ന് മാസം മുമ്പാണ് അടുത്ത സുഹൃത്തുക്കളോട് നാട്ടിലെത്തണമെന്ന ആഗ്രഹം അറിയിച്ചത്. ഇവർ മലയാള സമാജം പ്രസിഡൻറ് കെ.ആർ.അരവിന്ദാക്ഷനുമായി ബന്ധപ്പെടുകയും പന്തളം പൊലീസ് വഴി പന്തളത്തുള്ള കുടുംബവീട് കണ്ടെത്തുകയുമായിരുന്നു. ഇളയ സഹോദരൻ ശ്രീധരനുമായി വിഡിയോ കാളിലൂടെ സംസാരിക്കുകയും ചെയ്തു. ശ്രീധരനും മൂത്ത സഹോദരിയുടെ മകൻ സുനിലും പഞ്ചാബിലെത്തി കുഞ്ഞുപിള്ളയെ നേരിൽകണ്ട് സംസാരിച്ചു. ഇവർ കുഞ്ഞുപിള്ളയെയും കൂട്ടി ഞായറാഴ്ച പന്തളത്തെത്തുമെന്ന് നാട്ടിലുള്ള ബന്ധുവും റിട്ട. എസ്.ഐയുമായ കെ.സി. സോമൻ പറഞ്ഞു.