എൻ.എസ്.എസ് കോളജിൽ ഗവർണറെ അനുകൂലിച്ചും പ്രതികൂലിച്ചും ബാനർ
text_fieldsപന്തളം എൻ.എസ്.എസ് കോളജിലെ പ്രധാന കവാടത്തിൽ ഉയർത്തിയ
എസ്.എഫ്.ഐയുടെയും എ.ബി.വി.പിയുടെയും ബാനർ
പന്തളം: എൻ.എസ്.എസ് കോളജിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും ബാനറുകൾ. ഗവർണറുടെ കോലംകത്തിച്ച് എസ്.എഫ്.ഐ. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ സുരക്ഷാസന്നാഹം പൊലീസ് ഒരുക്കി. ഗവർണർക്കെതിരെ പ്രധാന ഗേറ്റിൽ എം.സി റോഡിനരികിലാണ് എസ്.എഫ്.ഐയുടെ ബാനർ ആദ്യം പ്രത്യക്ഷപ്പെട്ടത്.
ബാനർ നീക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടതോടെ കാമ്പസിൽ സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി. ബാനർ നീക്കാൻ എസ്.എഫ്.ഐ കൂട്ടാക്കാതിരുന്നതോടെ എ.ബി.വി.പിയുടെ ബാനറും കോളജിന്റെ പ്രധാന ഗേറ്റിൽ ഉയർത്തി. ഇരുകൂട്ടരുടെയും ബാനർ ഉയർന്നതോടെ ചെറിയതോതിൽ സംഘർഷാവസ്ഥ ഉടലെടുത്തു. പൊലീസ് എത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.
എസ്.എഫ്.ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിക്കുന്നു
ഉച്ചയോടെ എസ്.എഫ്.ഐ പ്രവർത്തകർ കോളജിന് സമീപത്തെ ഗേറ്റിനു മുന്നിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലംകത്തിക്കുകയും ചെയ്തു. കോളജിലെ എ.ബി.വി.പി പ്രവർത്തകരായ മാളവികയെയും സുധിയെയും കേരള യൂനിവേഴ്സിറ്റി സെനറ്റ് മെംബർമാരായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനിറ്റ് ചെയ്തിരുന്നു. പിന്നീട് കോടതിവിധി അടിസ്ഥാനത്തിൽ മരവിപ്പിച്ചിരിക്കുകയാണ്.

