ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമം; പത്തു ദിവസത്തിനിടെ നാലാമത്തെ സംഭവം
text_fieldsപന്തളം: ബൈക്കിലെത്തി മാല പൊട്ടിച്ചെടുക്കാൻ ശ്രമം. വെള്ളിയാഴ്ച വൈകീട്ട് മൂന്നിനാണ് പന്തളം സി.എം ആശുപത്രി-വയോജന വിനോദ വിജ്ഞാന കേന്ദ്രം റോഡിൽ ആമപ്പുറം ഭാഗത്ത് ബൈക്കിലെത്തിയ ആൾ കാൽനടക്കാരി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ 16ന് തോന്നല്ലൂർ ഉഷസ് താര വീട്ടിൽ ഉഷാദേവിയുടെ (65) രണ്ടര പവൻ മാല മോഷ്ടാവ് പൊട്ടിച്ചെടുത്തു കടന്നിരുന്നു. രാജവത്സം പമ്പിനുസമീപം വീടിനുമുന്നിൽ മൂർത്തി അയ്യത്ത്-ചുടലമുക്ക് റോഡിൽ നിൽക്കുകയായിരുന്നു ഉഷാദേവി. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയാണ് ഇയാൾ മാല കവർന്നത്.
അടുത്തടുത്തു നടന്ന നാലാമത്തെ സംഭവമാണ് വെള്ളിയാഴ്ചത്തേത്. ഈ മാസം ആദ്യ ആഴ്ചയിൽ പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളജിലെ പാർട്ട് ടൈം ജീവനക്കാരി കടയ്ക്കാട് തെക്ക് അനീഷ് ഭവനിൽ തങ്കമണിയുടെ (54) മാലയും ഇതേപോലെ നഷ്ടപ്പെട്ടിരുന്നു. വൈകീട്ട് 3.45ഓടെ ജോലി കഴിഞ്ഞ് എൻ.എസ്.എസ് കോളജിന് സമീപത്തെ പട്ടിരേത്ത് റോഡിലൂടെ സഹോദരി ശാന്തമ്മക്കൊപ്പം പോകുമ്പോഴാണ് എതിർദിശയിൽനിന്ന് ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയ യുവാവ് കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുത്തത്.
അതിനുശേഷം ദേവിക്ഷേത്ര കാണിക്കവഞ്ചിക്കുസമീപവും ഇതേപോലെ മാല കവരാൻ ശ്രമം നടന്നിരുന്നു. വഞ്ചിക്കുസമീപത്തെ റോഡിലൂടെ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന സ്കൂൾ അധ്യാപികയുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നത്. എം.സി റോഡിൽനിന്ന് പിന്നിലൂടെ ബൈക്കിലെത്തിയ യുവാവ് അധ്യാപികയുടെ കഴുത്തിൽ കുത്തിപ്പിടിച്ചാണ് മാല പൊട്ടിക്കാൻ ശ്രമം നടത്തിയത്. മാല നഷ്ടപ്പെട്ടില്ലെങ്കിലും കഴുത്തിന് സാരമായി പരിക്കേറ്റു.
കവർച്ചക്കുപിന്നിൽ ഒരാൾതന്നെയെന്നാണ് സംശയം. സമീപപ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പൊലീസിന് പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അന്വേഷണം ഇപ്പോൾ നിലച്ചമട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

