എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രി ജങ്ഷനിൽ അപകടം പതിവ്; നാലു മാസത്തിനിടെ മരിച്ചത് എട്ടുപേർ
text_fieldsപന്തളം എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രി ജങ്ഷൻ
പന്തളം: തിരക്കേറിയ എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രി ജങ്ഷനിൽ അപകട നിയന്ത്രണത്തിന് നടപടി സ്വീകരിക്കാതെ അധികൃതർ. നൂറനാട് റോഡും എം.സി റോഡും സംഗമിക്കുന്ന മെഡിക്കൽ മിഷൻ ജങ്ഷനിൽ അപകടങ്ങൾ ആവർത്തിച്ചിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കാനോ വേഗനിയന്ത്രണത്തിനോ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. എം.സി റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി ജങ്ഷനിൽ ഐലൻഡ് സ്ഥാപിച്ചതിനു ശേഷവും അപകടങ്ങൾ ആവർത്തിക്കുകയാണ്. ചൊവ്വാഴ്ച രാത്രി നിയന്ത്രണംവിട്ട ബൈക്ക് പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോയും ഒരു കാറും തകർത്തു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. മഴക്കാലത്ത് ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്.
നാലുമാസത്തിനിടെ എട്ടുപേരാണ് വ്യത്യസ്ത വാഹനാപകടത്തിൽ മരിച്ചത്. മാർച്ച് 12ന് രാത്രി 9.30ന് കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് അസം സ്വദേശികളായ ചിരൺ ചിരഞ്ചിയ, മന്റു ഫക്കാൻ എന്നിവർ മരിച്ചിരുന്നു. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായത്. ജങ്ഷനു സമീപത്ത് തന്നെ എം.സി റോഡിൽ, മേയ് ഒമ്പതിന് രാത്രി 7.30ന് നടന്ന അപകടത്തിലാണ് കുരമ്പാല ശങ്കരത്തിൽ കുളത്തുവടക്കേതിൽ കെ.വൈ. ബൈജു മരിച്ചത്. റോഡ് മുറിച്ചുകടക്കുമ്പോൾ ഇരുവശത്തുനിന്നുവന്ന വാഹനങ്ങളാണ് ബിജുവിനെ ഇടിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുരമ്പാലയിൽ ഇടയാടി സ്കൂളിന് സമീപം സുരേഷ് അപകടത്തിൽ മരിച്ചത്. അടുത്തയിടെയാണ് ഗതാഗത നിയന്ത്രണത്തിന് ഐലൻഡ് സ്ഥാപിച്ചത്.
സിഗ്നൽ ലൈറ്റ് സംവിധാനമില്ലാതെ ഇവിടെ ഗതാഗതം വലിയ ബുദ്ധിമുട്ടാണ്. അപകടങ്ങൾ ആവർത്തിച്ചിട്ടും സിഗ്നൽ ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിെൻറ എം.എൽ.എ ഫണ്ട് ഉപയോഗിച്ചു സ്ഥാപിച്ചതാണ് മെഡിക്കൽ മിഷൻ ജങ്ഷനിലെ പൊക്കവിളക്ക്. തുടക്കനാളുകളിൽ ഇത് പ്രവർത്തിച്ചെങ്കിലും പിന്നീട് തകരാറിലായി. അറ്റകുറ്റപ്പണി നടത്തേണ്ട ചുമതല നഗരസഭക്കാണ്. നഗരസഭ ഭരണസമിതി ഇതിനുള്ള നടപടി സ്വീകരിച്ചില്ല.