Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പന്തളം ലഹരിമരുന്ന് കേസ്; മുഖ്യസൂത്രധാരനെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു

text_fields
bookmark_border
അറസ്റ്റിലായത് നൈജീരിയൻ സ്വദേശി
പന്തളം ലഹരിമരുന്ന് കേസ്; മുഖ്യസൂത്രധാരനെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു
cancel
camera_alt

സാമുവൽ ക്ലെഫ്സൺ ഒകാഫോർ പൊലീസ് കസ്റ്റഡിയിൽ

പന്തളം: കാറിന്റെ ഡീസൽ ടാങ്കിനുള്ളിൽ ഒളിപ്പിച്ച് ബംഗളൂരുവിൽനിന്ന് ഇടനിലക്കാരൻ മുഖാന്തരം കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ അന്തർസംസ്ഥാന ലഹരിമരുന്ന് സംഘത്തിലെ മുഖ്യസൂത്രധാരനായ വിദേശിയെ പന്തളം പൊലീസ് ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു. നൈജീരിയൻ സ്വദേശിയായ സാമുവൽ ക്ലെഫ്സൺ ഒകാഫോർ (42) ആണ് പന്തളം പൊലീസിന്റെയും പത്തനംതിട്ട ജില്ല ഡാൻസാഫ് ടീമിന്‍റെയും സംയുക്ത നീക്കത്തിലൂടെ ഡൽഹിയിൽവെച്ച് പിടിയിലായത്.

പത്തനംതിട്ട ജില്ല ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം. മനീഷിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ മേയ് 15ന് പന്തളം വലിയപാലത്തിന് സമീപംവച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് കേസിനാസ്പദമായ ലഹരിമരുന്ന് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കാറിന്റെ ഡീസൽ ടാങ്കിനകത്ത് ഒളിപ്പിച്ചുകടത്തുകയായിരുന്ന 395.296 ഗ്രാം എം.ഡി.എം.എയാണ് അന്ന് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന ഒന്നാംപ്രതി ഏഴംകുളം സ്വദേശി മുഹമ്മദ് ഷാ (36), രണ്ടാം പ്രതി അടൂർ പറക്കോട് സ്വദേശി ഷംനാദ് (36) എന്നിവരെ സംഭവസ്ഥലത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള കേസിന്‍റെ അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്‍റെ നിർദേശപ്രകാരം പത്തനംതിട്ട ജില്ല നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശ് കെ.എസ്, അടൂർ സബ് ഡിവിഷൻ ഡിവൈ.എസ്.പി പ്രദീപ് കുമാർ വി.എസ് എന്നിവരുടെ നേതൃത്വത്തിൽ പന്തളം എസ്.ഐ വി. സജീഷ് കുമാർ, എസ്.ഐമാരായ മനീഷ്, യു.വി. വിഷ്ണു, എ.എസ്.ഐ ഷൈൻ, പൊലീസുകാരായ അൻവർഷാ, രഞ്ജിത്ത്, ശ്രീരാജ്, ജിതിൻ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വൻ ലഹരിപ്പണമിടപാടുകൾ പുറത്തുവന്നത്. ഒന്നാം പ്രതി മുഹമ്മദ് ഷാ നിർദേശിച്ചതനുസരിച്ച് ഇയാളുടെ ഭാര്യ ഷെബീന ഖാൻ സ്വന്തം അക്കൗണ്ടിൽനിന്ന് 3,12,000 രൂപ സാമുവൽ ക്ലെസ്സൺ ഒകാഫോറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുനൽകിയതായി കണ്ടെത്തി. തുടർന്ന് തെളിവ് നശിപ്പിക്കാൻ ശ്രമിച്ച ഷെബീന ഖാനെ മേയ് 18ന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

സാമുവൽ ക്ലെസ്സണെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഇയാൾക്ക് ഹിമാചൽ പ്രദേശിലെ ഷിംല സദർ പൊലീസ് സ്റ്റേഷനിൽ സമാനമായ രീതിയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം നിലവിൽ കേസുണ്ടെന്ന് വ്യക്തമായി. ഇതോടെ ഇയാളെ കേസിൽ മൂന്നാം പ്രതിയായി ഉൾപ്പെടുത്തി അന്വേഷണം ഊർജിതമാക്കി. പ്രതി ഡൽഹിയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ യു.വി. വിഷ്ണു, ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം. മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം ഡൽഹിയിലെത്തുകയും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

കേരളത്തിലേക്ക് വൻതോതിൽ മാരക ലഹരിമരുന്നുകൾ എത്തിക്കുന്ന അന്തർസംസ്ഥാന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇപ്പോൾ പിടിയിലായ സാമുവൽ ക്ലെസ്സൺ ഒകാഫോർ. പ്രതിയെ പന്തളത്ത് എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിമരുന്ന് കടത്ത് സംഘത്തിലെ മറ്റ് കണ്ണികളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലും ലഭ്യമാകുമെന്നാണ് പൊലീസ് കരുതുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pandalam drug case: Mastermind arrested from Delhi
Next Story