പൂപ്പാറയിലെ ഒഴിപ്പിക്കൽ; പങ്കില്ലെന്ന് പഞ്ചായത്ത് ഭരണസമിതി
text_fieldsശാന്തൻപാറ: പൂപ്പാറയിൽ നടന്ന കുടിയിറക്ക് നടപടികളിൽ പങ്കില്ലെന്ന് ശാന്തൻപാറ പഞ്ചായത്ത് ഭരണസമിതി. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി കലക്ടറുടെ നിർദേശാനുസരണം റവന്യൂ വകുപ്പാണ് നടപടികൾ സ്വീകരിച്ചതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പൂപ്പാറയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന കാര്യം ജില്ലാ ഭരണകൂടം പഞ്ചായത്ത് ഭരണസമിതിയെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ സമയം പോലും നൽകാതെയാണ് റവന്യൂ വകുപ്പ് നടപടികളുമായി മുന്നോട്ട് പോയത്.
കലക്ടറുടെ കർശന നിർദ്ദേശം പാലിക്കുക മാത്രമാണ് പഞ്ചായത്ത് സെക്രട്ടറി ചെയ്തതെന്നും ഭരണസമിതി വിശദീകരിച്ചു. കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും പഞ്ചായത്ത് സ്വീകരിക്കും. കുടിയിറക്കപ്പെട്ട 15 കുടുംബങ്ങൾക്കും ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആറു മാസത്തിനുള്ളിൽ പുതിയ വീടുകൾ നിർമ്മിച്ച് നൽകും.
വീട് നിർമ്മാണം പൂർത്തിയാകുന്നത് വരെ വാടക വീടുകളിലേക്ക് മാറുന്ന കുടുംബങ്ങൾക്ക് പ്രതിമാസം 4000 രൂപ വീതം പഞ്ചായത്ത് വാടക നൽകും. തൽക്കാലത്തേക്ക് ആളുകളെ താമസിപ്പിക്കുന്നതിനായി എച്ച്.എം.എൽ കമ്പനിയോട് പാർപ്പിട സൗകര്യം ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആറുമാസത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കും. ജനങ്ങളെ പെരുവഴിയിലാക്കുന്ന നിലപാട് പഞ്ചായത്തിന് ഇല്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് ഉറപ്പുനൽകി.
റവന്യൂ വകുപ്പിന്റെ നടപടിയിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഭരണസമിതി സജീവമായി രംഗത്തുണ്ടാകുമെന്നും ത്രിതല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജെ.മഞ്ജു, ഭരണസമിതി അംഗങ്ങളായ എൻ.ആർ. ജയൻ, സെഞ്ചു റ്റി. ഷൈൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനീഷ് റ്റി. കൃഷ്ണൻ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

