ഓപറേഷൻ തൂഫാൻ; പിടിമുറുക്കി പൊലീസ്
text_fieldsപത്തനംതിട്ട: ഓപറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഉടനീളം പൊലീസ് പരിശോധനകൾ കർശനമാക്കി. പ്രധാനമായും സ്കൂൾ-കോളജ് പരിസരങ്ങൾ, അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. പദ്ധതി നടപ്പാക്കി രണ്ടു ദിവസത്തിനകം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 47 കേസുകൾ രജിസ്റ്റർ ചെയ്യുകയും 47 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കഞ്ചാവ് കൈവശം വെച്ചതിനും വിൽപന നടത്തിയതിനുമായി 12 കേസും നിരോധിത പുകയിലകൾ വൻതോതിൽ സൂക്ഷിച്ച് വിൽപ്പന നടത്തിയതിന് 35 കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിൽ അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലായി 1500ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റാന്നി പൊലീസ് നടത്തിയ പരിശോധനയിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് 2425 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. ലഹരി വിൽപന സംഘങ്ങൾക്കെതിരായ നടപടികൾ കർശനമായി തുടരുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

