പൃഥ്വിരാജിന്‍റെ ഓർമകൾക്ക് ഒരുവർഷം
text_fieldsപൃഥ്വിരാജിന്റെ സ്മരണാർഥം പന്തളത്ത് കലാകാരന്മാർ ഒരുക്കിയ സംഗീതാർച്ചന
പന്തളം: നാടിന്റെ നൊമ്പരമായി മാറിയ നാടൻപാട്ടുകലാകാരൻ പൃഥ്വിരാജിനെ സ്മരിക്കാൻ കലാകാരന്മാരുടെ സംഗീതവിരുന്ന്. പൃഥ്വിരാജിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിലായിരുന്നു കലാകാരന്മാരുടെ ആദരവ്.
നാടൻപാട്ട് വേദികളിൽ മുഴങ്ങിയിരുന്ന പൃഥ്വിരാജിന്റെ ശബ്ദംനിലച്ചിട്ട് വ്യാഴാഴ്ച ഒരുവർഷം തികഞ്ഞു. നാടൻകലകൾക്കും പാട്ടിനും പേരുകേട്ട ചേരിക്കലെന്ന ഗ്രാമത്തിൽ ജനിച്ച് പാട്ടിനും ആട്ടത്തിനുമൊപ്പം വേദികളിലേക്ക് നടന്നുകയറുമ്പോഴാണ് 27കാരനായ പൃഥ്വിരാജെന്ന കലാകാരനെ നാടിനും കലാസ്‌നേഹികൾക്കും അകാലത്തിൽ നഷ്ടമാകുന്നത്.
ചേരിക്കൽ ഫാക് ക്രിയേഷൻസിലൂടെ നാടൻകലാരംഗത്ത് പ്രവർത്തനം ആരംഭിച്ച പൃഥ്വി എന്ന ഓമനപ്പേരിലറിയപ്പെട്ട പൃഥ്വിരാജ് കൊല്ലം ചെമ്പരത്തി ക്രിയേഷൻസിലും നാട്ടുതുടിയിലും പന്തളം ഫോക് മീഡിയയിലും പ്രവർത്തിച്ചു. നൂറിലധികം വേദികളിലും ചാനൽ പ്രോഗ്രാമിലും തന്റേതായ ശൈലിയിൽ പാട്ടുകൾ അവതരിപ്പിച്ചു.
നാടൻപാട്ട് കലാകാരനായിരുന്ന ബാനർജിയുടെ നാടൻപാട്ട് സമിതിയായ ശാസ്താംകോട്ട കനലിലെ പ്രധാന പാട്ടുകാരൻകൂടിയായിരുന്നു പൃഥ്വി. നാടക നടനായും കലാകാരന്മാരുടെ സംഘടനയായ നാടകിന്റെ മേഖല കമ്മിറ്റി അംഗമായും നാട്ടരങ്ങ് ക്ലബിന്റെ ഭാരവാഹിയായും പ്രവർത്തിച്ചു.കോവിഡിൽ വിശ്രമില്ലാത്ത സേവനപ്രവർത്തനം നടത്തിയ സന്നദ്ധ പ്രവർത്തകൻ കൂടിയായിരുന്നു പൃഥ്വി. തബല കലാകാരനും കലാ അധ്യാപകനുമായ ചേരിക്കൽ തടത്തിൽ പന്തളം ബാബുവിന്റെയും വിജയമ്മയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

