‘ഒരു ഗ്രാമം ഒരു സ്റ്റേഡിയം’; ആദ്യഘട്ടത്തിൽ ജില്ലയിൽ നാലു സ്റ്റേഡിയം
text_fieldsപത്തനംതിട്ട: ഗ്രാമങ്ങളിൽ കായികാവേശം പകരാൻ ലക്ഷ്യമിട്ട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ മിനി സ്റ്റേഡിയം വരുന്നു. കായിക വകുപ്പിന്റെ ‘ഒരു ഗ്രാമം ഒരു സ്റ്റേഡിയം’ പദ്ധതിയുടെ ഭാഗമായിട്ടാണ് മൈതാന നിർമാണം.
ആദ്യഘട്ടത്തിൽ നാല് പഞ്ചായത്തുകളിൽ തുടക്കമിടുന്ന പദ്ധതി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. കടമ്പനാട്, ഏഴംകുളം, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളെയാണ് സ്റ്റേഡിയം നിർമാണത്തിന് തിരഞ്ഞെടുത്തത്. ജില്ല സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിലാണ് നിർമാണം.
ഹോക്കിക്ക് ഏറെ പ്രചാരമുണ്ടായിരുന്ന മലയാലപ്പുഴയിൽ ഹോക്കി സ്റ്റേഡിയത്തിനാണ് മുൻഗണന. മലയാലപ്പുഴയിൽ ഇതിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഉടൻ നിർമാണം തുടങ്ങും. മറ്റിടങ്ങളിൽ വോളിബാൾ, ഫുട്ബാൾ സ്റ്റേഡിയങ്ങളാണ് പരിഗണനയിൽ. ഗ്രാമീണ മേഖലയിലെ യുവാക്കളുടെ കായിക കഴിവുകൾ പ്രാത്സാഹിപ്പിക്കുന്നതിനും പഞ്ചായത്ത്, ബ്ലോക്ക്, ജില്ലതല ടൂർണമെന്റുകൾ സംഘടിപ്പിക്കാനുമാണ് പഞ്ചായത്തുകൾ തോറും മിനി സ്റ്റേഡിയങ്ങൾ നിർമിക്കുന്നത്.
രജിസ്റ്റർ ചെയ്ത യുവജന ക്ലബുകളുടെ സഹായത്തോടെ പഞ്ചായത്തുകൾക്കാവും സ്റ്റേഡിയത്തിന്റെ സംരക്ഷണ ചുമതല. സ്ഥലമുള്ള പഞ്ചായത്തുകളിലാകും ആദ്യം സ്റ്റേഡിയം നിർമിക്കുക. മറ്റിടങ്ങളിൽ ഭരണസമിതി ഭൂമി കണ്ടെത്തി നൽകിയാൽ കായിക വകുപ്പ് സ്റ്റേഡിയം നിർമിച്ചുനൽകും. നിലവിൽ മൈതാനങ്ങൾ ഉണ്ടെങ്കിൽ നവീകരിക്കും. കായിക പരിശീലകനെയും നിയമിക്കും.
50 ലക്ഷം മുതൽ ഒരു കോടി വരെയാണ് ചെലവ്. ഡ്രെയിനേജ് സംവിധാനം, പവലിയൻ, ഗാലറി, ടോയ്ലെറ്റ്, ലൈറ്റിങ് എന്നിവയും ഒരുക്കും. ജലവിതരണം അടക്കമുള്ള സൗകര്യങ്ങളും ഒരുക്കും. സ്റ്റേഡിയം നിർമാണ പദ്ധതിക്കൊപ്പം സ്പോർട്സ് കിറ്റ് വിതരണത്തിനും സ്പോർട്സ് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തുകൾക്ക് സ്പോർട്സ് കൗൺസിൽ 10,000 രൂപയുടെ സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യും.
അടുത്തദിവസം ജില്ലയിലെ കിറ്റ് വിതരണം കായികമന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. യുവാക്കളുടെ ആരോഗ്യവും കായികനിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം പുതിയ കായിക താരങ്ങൾ ഉയർന്നുവരാനും ലക്ഷ്യമിട്ടാണ് കിറ്റ് വിതരണമെന്ന് സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡന്റ് കെ. അനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

