കട്ടർകൊണ്ട് വയോധികയുടെ മാല മുറിച്ചെടുക്കാൻ ശ്രമം; മോഷ്ടാക്കളിൽ ഒരാൾ അറസ്റ്റിൽ
text_fieldsആദർശ്
പത്തനംതിട്ട: വീട് ചോദിക്കാനെന്ന വ്യാജേന സ്കൂട്ടറിൽ അരികിലെത്തിയശേഷം വയോധികയുടെ മാല കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുകയും തടയാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്ത മോഷ്ടാക്കളിൽ ഒരാളെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പട്ടാഴി പന്തപ്ലാവ് ശംഭു ഭവനത്തിൽ ആദർശ് രവീന്ദ്രനാണ് (26) അറസ്റ്റിലായത്.
അഞ്ചിന് വൈകീട്ട് ഏഴോടെ 63കാരിയായ വീട്ടമ്മ ഭർത്താവിന്റെ കുടുംബവീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് ഇയാളും കൂട്ടുപ്രതിയും സ്കൂട്ടറിലെത്തിയത്. സ്ഥലത്തെ ഒരു വീട് അന്വേഷിക്കാനെന്ന വ്യാജേന ഇവരെ സമീപിച്ച പ്രതികളിൽ സ്കൂട്ടറിന് പിന്നിൽ ഇരുന്നു യാത്ര ചെയ്തയാളാണ് ആക്രമിച്ചത്.
ഒന്നാം പ്രതി ആദർശാണ് സ്കൂട്ടർ ഓടിച്ചത്, പിന്നിലിരുന്ന് യാത്ര ചെയ്ത രണ്ടാം പ്രതി കട്ടർകൊണ്ട് ഇവരുടെ അടുത്ത് ചെന്ന് 16 ഗ്രാം തൂക്കം വരുന്ന സ്വർണമാല മുറിച്ചെടുത്തു. കവർച്ച തടയാൻ ശ്രമിച്ച വയോധികയുടെ ബ്ലൗസ് ഇയാൾ വലിച്ച് കീറി. മാലക്ക് 1,70,000 രൂപ വിലവരും. ഇടപ്പാവൂർ ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയിൽ കൂടി നടന്ന് പോയ ഇടപ്പാവൂർ സ്വദേശിനിയുടെ (63) മാലയാണ് സ്കൂട്ടറിലെത്തിയ മോഷ്ടാക്കൾ കവർന്നെടുത്തത്. ആദർശിനെ വയോധികയുടെ മകൻ സന്ദീപ് ഓടിച്ച് പിടികൂടി, എന്നാൽ കൂടെയുണ്ടായിരുന്നയാൾ കടന്നുകളഞ്ഞു. കോയിപ്രം പൊലീസ് ആദർശിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

