ഓണ വിപണി; മണ്ണിലെ അധ്വാനത്തിന് ഇത്തവണയും മങ്ങൽ
text_fieldsപന്തളം: മണ്ണിലെ അധ്വാനത്തിന് ഓണവിപണിയിൽനിന്ന് ഫലം കൊയ്യാമെന്ന കർഷകരുടെ പ്രതീക്ഷകൾക്ക് ഇത്തവണയും മങ്ങൽ.
താളം തെറ്റിയെത്തുന്ന മഴ കുറച്ച് വർഷങ്ങളായി കർഷകന്റെ നട്ടെല്ലൊടിക്കുകയാണ്. കഴിഞ്ഞ മഴയിൽ കോടികളുടെ വിളകൾ വെള്ളംകയറി നശിച്ചതോടെ ഓണവിപണിയിൽനിന്ന് കിട്ടുമായിരുന്ന മെച്ചപ്പെട്ട വരുമാനം ഇത്തവണയും ഇല്ലാതായി. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ വിൽക്കാൻ സർക്കാർ കൂടിയ വില നൽകി കർഷകരിൽനിന്ന് ഉൽപന്നങ്ങൾ വാങ്ങുമെങ്കിലും അത് പ്രയോജനപ്പെടുത്താൻ മാത്രം വിളകൾ അവശേഷിക്കുന്നില്ല.
പച്ചക്കറി വില കുതിച്ചുകയറുമ്പോൾ ജില്ലയിലെ ഉൽപാദനം ഓണക്കാലത്ത് പൊതുജനങ്ങൾക്കും കർഷകർക്കും ഒരുപോലെ ആശ്വാസമായേനെ. എന്നാൽ, കൃഷിയെല്ലാം മഴ മുക്കിയതോടെ കർഷകർക്ക് നിരാശയാണ്. തീവില നൽകി പച്ചക്കറികൾ വാങ്ങേണ്ടി വരുന്നതുമാത്രമല്ല ജനങ്ങളുടെ പ്രശ്നം. നാടൻ ഇനങ്ങൾക്ക് ദൗർലഭ്യമുണ്ടാകുമെന്ന പ്രശ്നവുമുണ്ട്.
100 ഹെക്ടറിലേറെ പച്ചക്കറി കൃഷി
ഓണ വിപണി ലക്ഷ്യമിട്ട് ജില്ലയിൽ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരളയുടെ (വി.എഫ്.പി.സി.കെ) 12 വിപണികളുടെ കീഴിലെ കർഷകർ 100 ഹെക്ടറിലേറെ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്. 54 ഹെക്ടറോളം സ്ഥലത്ത് വിളവെടുക്കാൻ പാകത്തിലായി. പാവൽ, പയർ, പടവലം, കോവൽ, ചേന, പയർ, വെള്ളരി എന്നിവയാണ് പ്രധാന കൃഷി. എന്നാൽ, ഓണത്തിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഏത്തവാഴ വളരെ കുറവാണ്.
ഇടക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം കരകൃഷിയെ കാര്യമായി ബാധിച്ചു. പന്തളത്തെ പടിഞ്ഞാറൻ മേഖലയിൽ ഒട്ടുമിക്ക പ്രദേശങ്ങളിലും കർഷകർ പാടത്തെ നെൽകൃഷിയെ ആശ്രയിച്ചാണ് പച്ചക്കറി കൃഷി ചെയ്യുന്നത്. രണ്ടാം കൃഷി നശിച്ചതും പുഞ്ചകൃഷി ആരംഭിക്കാത്തതും കാരണം പച്ചക്കറി കൃഷി തുടങ്ങിയിട്ടില്ല.
കൃഷിക്കളത്തിൽ മഴക്കൊയ്ത്ത്
ഓണവിപണി കണക്കുകൂട്ടി നട്ട വാഴകളും പലതരം പച്ചക്കറികളും മഴയിൽ വൻതോതിൽ നശിച്ചിട്ടുണ്ട്. നെൽകൃഷിയിലും വൻ നഷ്ടം സംഭവിച്ചിട്ടുണ്ട്. ജില്ലയുടെ ആകെ കൃഷിനഷ്ടം കോടിക്കണക്കിനുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

