ഓമല്ലൂർ സഹകരണബാങ്ക് നിക്ഷേപകർ പ്രത്യക്ഷ സമരത്തിലേക്ക്
text_fieldsപത്തനംതിട്ട: ഓമല്ലൂർ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് 16ന് ബാങ്ക് പടിക്കൽ നിക്ഷേപകർ ധർണ നടത്തും. സഹകരണ ഓഡിറ്റ് റിപ്പോർട്ടിൽ 40 കോടി രൂപയാണ് ബാങ്കിന്റെ നഷ്ടം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അധ്യക്ഷനായ ബാങ്ക് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് വാർത്താസമ്മേളനത്തിൽ നിക്ഷേപകർ കുറ്റപ്പെടുത്തി. അടിയന്തരഘട്ടങ്ങളിൽ പോലും തങ്ങളുടെ നിക്ഷേപം തിരികെ നൽകാൻ ബാങ്കിനു കഴിയുന്നില്ലെന്നും അതിരൂക്ഷമായ പ്രതിസന്ധി മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഭരണസമിതിയും ജീവനക്കാരും ഇപ്പോഴും നടത്തുന്നതെന്നും നിക്ഷേപകർ ആരോപിച്ചു.
വിദ്യാഭ്യാസത്തിനും ചികിത്സക്കും ചെറിയ തുകകൾ നൽകാമെന്ന് അന്ന് അറിയിച്ചിരുന്നെങ്കിലും ആർക്കും നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഡ്വ. ഓമല്ലൂർ ശങ്കരനെ നേരിൽ കാണാൻ പല പ്രാവശ്യം ഓഫീസിൽ എത്തിയെങ്കിലും കാണാൻ സാധിച്ചില്ലെന്നും നിക്ഷേപകർ ആരോപിച്ചു. ബാങ്കിൻറെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന റബർ പ്രോസസിങ് യൂനിറ്റ്, റബർ സംഭരണ കേന്ദ്രം, വളം ഡിപ്പോ, ഗ്യാസ് ഏജൻസി എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. നിക്ഷേപകരുടെ യോഗം ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. 73 നിക്ഷേപകരാണ് പണം തിരികെ ആവശ്യപ്പെട്ടുള്ള നിവേദനത്തിൽ ഒപ്പുവച്ചത്. ഇവർക്ക് 7.46 കോടി രൂപയാണ് ലഭിക്കാനുള്ളത്.
മുഖ്യമന്ത്രി, മന്ത്രി വീണാ ജോർജ്, സഹകരണ മന്ത്രി, കലക്ടർ, ജോയന്റ് രജിസ്ട്രാർ, എസ്.പി , ഓമല്ലൂർ പഞ്ചായത്ത് പ്രസിഡൻറ്, ബാങ്ക് പ്രസിഡൻറ്, ബാങ്ക് സെക്രട്ടറി, എന്നിവർക്ക് ഒരു മാസം മുൻപ് നിവേദനം നൽകിയിരുന്നു. തുടർ സമരങ്ങളുടെ ഭാഗമായി അനിശ്ചിതകാല ഉപവാസവും നിയമ നടപടികളുമായി മുന്നോട്ടുപോകും. 17ന് നവകേരള സദസിൽ വിഷയം പരാതിയായി ഉന്നയിക്കുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എ.വി. ചന്ദ്രശേഖരൻപിള്ള, ജോയന്റ് സെക്രട്ടറി കെ.ആർ.അശോകൻ, കെ. സജീവ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

