ജില്ല ആസ്ഥാനത്ത് വില്ലേജ് ഓഫിസറില്ല; നെട്ടോട്ടമോടി ജനം
text_fieldsപത്തനംതിട്ട: ജില്ല ആസ്ഥാനത്തെ വില്ലേജ് ഓഫിസിൽ ഉദ്യോഗസ്ഥൻ ഇല്ലാതായിട്ട് പത്ത് ദിവസം. സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ വലയുന്നു. പകരം ചുമതല നൽകിയ ഓഫിസർമാർ എത്തുന്നുമില്ല. ഇതിനാൽ അപേക്ഷ നൽകി കാത്തിരിക്കേണ്ടി വരുന്നു.
സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ചിനാണ് വില്ലേജ് ഓഫിസർ മാറി പോയത്. പകരം വരേണ്ടയാൾ ഇതുവരെ വന്നിട്ടുമില്ല. അധ്യയന വർഷാരംഭമായതിനാൽ വിദ്യാർഥികളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. സർക്കാറിൽനിന്ന് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായും വിദ്യാഭ്യാസ വായ്പയെടുക്കുന്നതിനായും ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷ നൽകിയവരാണ് ഇപ്പോൾ ദുരിതമനുഭവിക്കുന്നത്.
ജാതി- വരുമാനം തുടങ്ങിയ സർട്ടിഫിക്കറ്റുകൾ എല്ലാ ആനുകൂല്യങ്ങൾക്കും ആവശ്യമാണ്. പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണ ആനുകൂല്യമുള്ള വിദ്യാർഥികൾക്ക് പ്രവേശനത്തിനും പലതരം സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്.
പല കോഴ്സുകൾക്കായി കേരളത്തിന് പുറത്ത് ഉൾപ്പെടെ പ്രവേശനം നേടി വിദ്യാഭ്യാസ വായ്പക്കായി അപേക്ഷ നൽകിയ നിരവധി കുട്ടികളുടെ രക്ഷകർത്താക്കളുമുണ്ട്. ബാങ്കിൽ നൽകുന്നതിനായി കൈവശ അവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെ വേണം. മൈലപ്ര, നാരങ്ങാനം വില്ലേജ് ഓഫിസർമാർക്കാണ് പുതിയ ഓഫിസർ വരുന്നത് വരെ ചാർജ് നൽകിയിരിക്കുന്നത്.
എന്നാൽ, കഴിഞ്ഞയാഴ്ച ചുമതലയുള്ള മൈലപ്ര വില്ലേജ് ഓഫിസർ ചാർജ് ലഭിച്ച ശേഷം നീണ്ട അവധിയെടുത്തു. പിന്നീട് നാരങ്ങാനം വില്ലേജ് ഓഫിസർക്കാണ് ചുമതല നൽകിയത്. ഇദ്ദേഹം ഇതുവരെ വില്ലേജ് ഓഫിസിൽ എത്തിയിട്ടില്ല. ഒരു വില്ലേജ് ഓഫിസർക്ക് മറ്റൊരു വില്ലേജിന്റെ ചുമതല നൽകുകയാണെങ്കിൽ പോലും അത്യാവശ്യമായ എല്ലാ സർട്ടിഫിക്കറ്റും ഉടൻ നൽകേണ്ടതാണ്. സ്ഥലംമാറ്റം ലഭിച്ച മറ്റ് ജീവനക്കാരും പോയതിനാൽ വില്ലേജ് ഓഫിസ് ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ് ഫലത്തിൽ.
ചെന്നീർക്കര, ഓമല്ലൂർ വില്ലേജ് ഓഫിസർമാരും സ്ഥലം മാറിയതിനാൽ ഇവിടെയും ഇതുതന്നെയാണ് അവസ്ഥയെന്ന് നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

