നഴ്സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണം; ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്
text_fieldsപത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സ നല്കുന്നതില് കാലതാമസം വരുത്തിയ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പിതാവിന്റെ പരാതിയില്‍ ചുട്ടിപ്പാറ സീപാസ് കോളജിലെ അവസാന വര്‍ഷ ബിഎസ്.സി നഴ്സിങ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്ത് പൊയ്ക ശിവം വീട്ടില്‍ ടി. സജീവിന്റെ മകള്‍ അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സ നല്കുന്നതില് കാലതാമസം വരുത്തിയതിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
സംഭവം നടന്ന നവംബര്‍ 15ന് വൈകീട്ട് 5.20ന് ജനറല്‍ ആശുപത്രി കാഷ്വൽറ്റിയിൽ ഉണ്ടായിരുന്ന ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, സ്റ്റാഫ് എന്നിവര്‍ക്കെതിരെയാണ് കേസ്. വെട്ടിപ്പുറത്തുള്ള എന്‍.എസ്.എസ് ഹോസ്റ്റലിന്റെ മൂന്നാമത്തെ നിലയില്‍നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ വൈകീട്ട് 5.15നാണ് ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും ഐ.സി.യു സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചില്ലെന്നും ആരോപിച്ച് പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വൈകീട്ട് 5.15ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അമ്മു സജീവിനെ രാത്രി ഒമ്പതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചതെന്നും അതിനോടകം മരണം സംഭവിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
കാഷ്വൽറ്റി ഡ്യൂട്ടി ഡോക്ടര്‍, ഓര്‍ത്തോ ഡോക്ടര്‍, ജീവനക്കാര്‍ എന്നിവരുടെ ഭാഗത്തുനിന്ന് ചികിത്സപ്പിഴവുണ്ടായെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്. തലക്കും ഇടുപ്പിനും തുടക്കും ഉണ്ടായ മാരക പരിക്കുകളും രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സഹപാഠികളായ മൂന്ന് പെണ്‍കുട്ടികളും മനഃശാസ്ത്ര വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് പരാതി. മൂന്ന് സഹപാഠികള്‍ അറസ്റ്റിലായി. തുടര്‍ന്ന് ഇവരെ കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാം, അധ്യാപകന് സജി എന്നിവരെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. സെന്റര്‍ ഫോര്‍ പ്രഫഷനല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടര്‍ പി. ഹരികൃഷ്ണനാണ് നടപടിയെടുത്തത്. മരണത്തിനു മുമ്പ് രക്ഷിതാക്കള്‍ കോളജിനു നല്കിയ പരാതിയിൽ നടപടിയെടുക്കുന്നതില്‍ പ്രിന്‍സിപ്പലിനും അധ്യാപകനും വീഴ്ച പറ്റിയെന്ന് ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രിന്‍സിപ്പല്‍ അബ്ദുള്‍ സലാമിനെ സീതത്തോട്ടിലേക്ക് സ്ഥലംമാറ്റിയിരുന്നെങ്കിലും സംഭവത്തില്‍ രണ്ടാമതൊരു അന്വേഷണം ആരോഗ്യ സര്‍വകലാശാല നടത്തിയതോടെയാണ് ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതെന്ന് പറയുന്നു. കോളജിലെ ഒരു അധ്യാപകനെതിരെ അമ്മുവിന്റെ കുടുംബം നേരിട്ടു പരാതി നല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

