തദ്ദേശ തെരഞ്ഞെടുപ്പ്; സംവരണ സീറ്റുകളുടെ എണ്ണം ഉയരും
text_fieldsപത്തനംതിട്ട: തദ്ദേശവാർഡുകൾ വർധിച്ചതിനൊപ്പം ജില്ലയിൽ സംവരണസീറ്റുകളുടെ എണ്ണവും ഉയരും. ജില്ലയിലെ ത്രിതല പഞ്ചായത്തുകളില്‍ ഏറ്റവും കുറഞ്ഞത് ഒരു സീറ്റ് വീതമാണ് വർധിച്ചത്. ഇതോടെയാണ് ആനുപാതികമായി സംവരണ വാര്‍ഡുകളുടെ എണ്ണവും വര്‍ധിക്കുന്നത്. വനിത സംവരണ സീറ്റുകളിലാണ് പ്രധാനമായും വർധന. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി ആകെയുള്ള 833 വാര്‍ഡുകളില്‍ 474 വനിതാ സംവരണ വാര്‍ഡുകളുണ്ടാകും.
ഇതില്‍ 416 എണ്ണം വനിതകൾക്കും 57 എണ്ണം പട്ടികജാതി വനിതകൾക്കും ഒരെണ്ണം പട്ടികവര്‍ഗ വനിതക്കും സംവരണം ചെയ്തിരിക്കുന്നത്. ജില്ല പഞ്ചായത്തിൽ ആകെയുള്ള 17 ഡിവിഷനുകളിൽ 13 സംവരണ സീറ്റുകളാകും. ഇതിൽ ഒമ്പതെണ്ണം വനിത സംവരണവും ഒരു മണ്ഡലം പട്ടികജാതി വനിതക്കും ലഭിക്കും. പട്ടികജാതി ജനറല്‍ വിഭാഗത്തിനായി രണ്ട് ഡിവിഷനുകൾ നീക്കിവെച്ചിട്ടുണ്ട്. ജനറല്‍ വിഭാഗത്തില്‍ അഞ്ച് സീറ്റുകളാകും ഉണ്ടാവുക.
2020ലെ തെരഞ്ഞെടുപ്പില്‍ 16 മണ്ഡലങ്ങളുണ്ടായിരുന്നതില് എട്ട് ഡിവിഷനുകൾ വനിത സംവരണവും പട്ടികജാതി ജനറൽ, വനിത എന്നിവര്‍ക്കായി ഓരോ മണ്ഡലവുമാണ് സംവരണം ചെയ്തിരുന്നത്. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലായുള്ള 114 മണ്ഡലങ്ങളുള്ളതില്‍ 73 എണ്ണം വനിത സംവരണമായിരിക്കും. ബ്ലോക്ക് പഞ്ചായത്തുകളില്‍ പറക്കോട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഏഴ് വനിത ജനറല്‍ മണ്ഡലങ്ങളുണ്ടാകും. പറക്കോട്ട് എട്ട് വനിത സംവരണ മണ്ഡലങ്ങളുണ്ടാകും.
പന്തളം, പറക്കോട് ബ്ലോക്കുകളില്‍ പട്ടികജാതി വനിതകള്‍ക്കായി രണ്ട് സംവരണ മണ്ഡലങ്ങളുണ്ടാകും. റാന്നിയില്‍ പട്ടികജാതി വനിതകള്‍ക്കായി മണ്ഡലം സംവരണം ചെയ്തിട്ടില്ല. മറ്റിടങ്ങളില്‍ ഓരോ മണ്ഡലങ്ങളാണ് സംവരണം ചെയ്തിരിക്കുന്നത്.
അടുത്ത മാസമാകും ത്രിതല പഞ്ചായത്ത്, നഗരസഭ സംവരണ മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും നറുക്കെടുപ്പ് നടക്കുക. ഇതോടെയാകും ഏത് വാർഡാണ് സംവരണമെന്ന് വ്യക്തമാകുക. ഇതിനുള്ള പരിശീലനം ഈമാസം 26ന് തുടങ്ങും. ത്രിതല പഞ്ചായത്തുകളില്‍ ജില്ല കലക്ടറുടെയും നഗരസഭകളില്‍ തദ്ദേശ വകുപ്പ് ജില്ല ജോ. ഡയറക്ടറുടെയും നേതൃത്വത്തിലാണ് നറുക്കെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

