ജയിലുമില്ല, പുതിയ കെട്ടിടവുമില്ല; തടവുപുള്ളികളുമായി മറ്റ് ജില്ലകളിലേക്ക് നെട്ടോട്ടമോടി പൊലീസ്
text_fieldsപത്തനംതിട്ട: ജില്ല ജയിലിന്‍റെ പ്രവർത്തനം നിർത്തിവെച്ച് ഏഴുവർഷം പിന്നിടുമ്പോഴും പുതിയ കെട്ടിടമായില്ല. പുതിയ കെട്ടിടം നിർമിക്കാൻ 2018ലാണ് പത്തനംതിട്ട കണ്ണങ്കരയിലെ ജില്ല ജയിലിന്‍റെ പ്രവർത്തനം നിർത്തിയത്. പിന്നാലെ പുതിയ കെട്ടിടത്തിന്‍റെ നിർമാണം ആരംഭിച്ചെങ്കിലും ജോലികൾ ഇഴഞ്ഞുനീങ്ങുന്നതോടെ തടവുപുള്ളികളുമായി മറ്റ് ജില്ലകളിലേക്ക് നെട്ടോട്ടമോടേണ്ട സ്ഥിതിയിലാണ് പൊലീസ്.
പത്തനംതിട്ടയിലെ കോടതികൾ റിമാൻഡ് ചെയ്യുന്നവരെ തിരുവനന്തപുരം, കൊട്ടാരക്കര, കൊല്ലം, അട്ടക്കുളങ്ങര, മാവേലിക്കര ജയിലുകളിലേക്കാണ് മാറ്റുന്നത്. ഇവരെക്കൂടി ഉൾപ്പെടുത്തേണ്ടി വരുന്നത് ആ ജയിലുകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒപ്പം പത്തനംതിട്ടയിൽനിന്നുള്ളവരെ വിദൂരങ്ങളിലെ ജയിലുകളിലേക്ക് കൊണ്ടുപോകുന്നത് ഉദ്യോഗസ്ഥരെയും വലക്കുന്നുണ്ട്. രാത്രിയിലാണ് ഇത് കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.
പൊലീസ് വാഹനങ്ങളുടെ അഭാവത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിൽപോലും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാറുണ്ട്. കഴിഞ്ഞ ആഴ്ച കോയിപ്രം സ്റ്റേഷനിൽനിന്ന് കൊട്ടാരക്കര ജയിലിലേക്ക് റിമാൻഡ് പ്രതികളുമായി പോയ പൊലീസ് ജീപ്പ് അടൂരിൽ അപകടത്തിൽപെട്ടിരുന്നു.
റിമാൻഡ് കാലയളവിൽ കസ്റ്റഡിയിൽ വാങ്ങാനും ഇടക്ക് കോടതിയിൽ ഹാജരാക്കാനുമൊക്കെ ഇതര ജില്ലകളിലെത്തി ആളെ കൂട്ടിവരുകയും തിരികെ കൊണ്ടാക്കുകയും ചെയ്യുന്നത് പൊലീസിനു തലവേദനയായി മാറിയിട്ടുണ്ട്. പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ മാവേലിക്കര ജയിലിലേക്കാണ് മാറ്റിയത്. രാഹുലിനെതിരെ പ്രതിഷേധം ഉയർന്നിരുന്നതിനാൽ റോഡിൽ മുഴുവൻ സുരക്ഷയും പൊലീസിന് ഒരുക്കേണ്ടിവന്നു.
2019ലാണ് പുതിയ ജയിൽ കെട്ടിടത്തിന്‍റെ നിർമാണം തുടങ്ങിയത്. പലതതവണ മുടങ്ങി. പാറ നിറഞ്ഞ പ്രദേശമായതിനാൽ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കാനുള്ള ബുദ്ധിമുട്ട് ഉൾപ്പെടെ തടസ്സങ്ങൾ പലതുണ്ടായി. ആധുനിക രീതിയിൽ സെപ്റ്റിക് ടാങ്ക് നിർമിക്കാനുള്ള അനുമതി ലഭിച്ചതോടെയാണ് നിർമാണം വീണ്ടും തുടങ്ങിയത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമാണച്ചുമതല.
ചതുരാകൃതിയിൽ മൂന്ന് ബ്ലോക്കുകളിലായാണ് കെട്ടിടം നിർമിക്കുന്നത്. ആദ്യത്തെ ബ്ലോക്കിൽ രണ്ട് നിലയും ബാക്കി രണ്ട് ബ്ലോക്കുകൾ മൂന്ന് നിലകളിലുമാണ്. താഴത്തെ നില പൂർണമായും ജയിലിന് ഉപയോഗിക്കും. മറ്റ് നിലകളിൽ ഓഫിസും അനുബന്ധ സൗകര്യങ്ങളും ഇരട്ട സെല്ലുകളും ഉണ്ടാകും.
മൂന്നുനിലകളിലായി 19 ഇരട്ട സല്ലും 17 സിംഗിൾ സെല്ലുമാണുള്ളത്. ഒരു ഇരട്ട സെല്ലിൽ പത്തുപേരെയും ഒരു സിംഗിൾ സെല്ലിൽ അഞ്ചുപേരേയും പാർപ്പിക്കാം 82 സെന്‍റിലാണ് നിർമാണം. 5269 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ടാകും. ഒന്നാംനിലയുടെ നിർമാണത്തിന് 5.5 കോടി രൂപ ചെലവായി. രണ്ടും മൂന്നും നിലകൾക്ക് 12.5 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പുതിയ ജയിലിൽ ഒരേസമയം 180 തടവുകാർക്ക് കഴിയാം. ജില്ലയിലെ 23 സ്റ്റേഷനുകളിൽനിന്നുള്ള റിമാൻഡ് പ്രതികളെയാണ് ജില്ല ജയിലിൽ പാർപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

