വെളിച്ചെണ്ണ പരിശോധന; വ്യാജൻമാരില്ല, പത്തനംതിട്ട ക്ലീൻ
text_fieldsപത്തനംതിട്ട: വ്യാജ വെളിച്ചെണ്ണ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ പത്തനംതിട്ടക്ക് ക്ലീൻ ചിറ്റ്. വെളിച്ചെണ്ണ വില ക്രമാതീതമായി വർധിച്ചതോടെ മായം ചേർക്കലും വ്യാജൻമാരും വ്യാപകമാണെന്ന പരാതികളെ തുടർന്നാണ് മുഴുവൻ ജില്ലയിലും പരിശോധന നടത്തിയത്.
എന്നാൽ, ജില്ലയിൽനിന്ന് വ്യാജ വെളിച്ചെണ്ണ പിടിച്ചെടുക്കാനായില്ല. 50 ഇടങ്ങളിൽ പരിശോധന നടത്തിയെങ്കിലും വ്യാജൻമാരെ കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ല നോഡൽ ഓഫിസർ അറിയിച്ചു.
തിരുവല്ല, റാന്നി, അറന്മുള, കോന്നി, അടൂർ എന്നീ ഭക്ഷ്യ സുരക്ഷ സർക്കിളുകളിലായിരുന്നു പരിശോധന. ശേഖരിച്ച 16 സാമ്പിൾ തിരുവനന്തപുരത്തെ ലാബിൽ അയച്ചുനടത്തിയ പരിശോധനയിലും മായം കണ്ടെത്താനായില്ല.
ജില്ലയിൽ നിർമാണ യൂനിറ്റുകൾ ഇല്ലാത്തതാകും വ്യാജൻമാർ ഒഴിഞ്ഞുനിൽക്കാൻ കാരണമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. ചക്കിലാട്ടുന്ന വെളിച്ചെണ്ണയാണ് കൂടുതൽ. ഇത്തരം സ്ഥാപനങ്ങളിലായിരുന്നു പ്രധാന പരിശോധന. ഒരിടത്തും മായം കണ്ടെത്താൻ കഴിഞ്ഞില്ല.
സംസ്ഥാനവ്യാപകമായി 17,000ത്തോളം ലിറ്റില്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി മന്ത്രി വീണ ജോർജ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു.
ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി പരിശോധന തുടരുമെന്നും മന്ത്രി അറിയിച്ചിരുന്നു.
പരിശോധനയിൽ കണ്ടെത്താനായിട്ടില്ലെങ്കിലും ജില്ലയിലും വ്യാജ വെളിച്ചെണ്ണയുടെ വരവ് സുലഭമാണെന്ന ആക്ഷേപം ശക്തമാണ്. വിദഗ്ധമായി ഇവർ മാറ്റിയതാകാമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. തമിഴ്നാട്ടില്‍നിന്നാണ് വ്യാജൻമാർ പ്രധാനമായും എത്തുന്നത്. തട്ടുകടകളിലും ഹോട്ടലുകളിലുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നതത്രെ. കന്യാകുമാരി, ഈറോഡ്, നാഗര്‍കോവില്‍ തുടങ്ങിയ ഇടങ്ങളിൽ നിർമിക്കുന്ന വ്യാജൻമാരിൽ ഒറിജിനല്‍ പേരിന് മാത്രമാകും.
420, 350, 270 രൂപ എന്നിങ്ങനെ ക്വാളിറ്റി അനുസരിച്ച് വിലയിൽ വ്യത്യാസമുണ്ടാവും. ഭക്ഷണം രുചിക്കുമ്പോള്‍ പിടിക്കപ്പെടാതിരിക്കാൻ ചിക്കന്‍, ബീഫ് പോലെ മസാല ചേര്‍ന്ന് വരുന്ന വിഭവങ്ങളില്‍ മാത്രമേ ഇത്തരം വ്യാജ വെളിച്ചെണ്ണ ഉപയോഗിക്കാറുള്ളത്രെ. മറ്റു പരിശോധനകളിൽ എപ്രിൽ മുതൽ 14 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ശുചിത്വത്തിൽ വീഴ്ച വരുത്തിയ ഹോട്ടലുകൾ അടക്കമുള്ളവക്കെതിരെയാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

