അധ്യാപികയുടെ ഭർത്താവിന്റെ മരണം; തുടക്കം മുതൽ ‘രക്ഷാപ്രവർത്തനം’
text_fieldsഷിജോ
പത്തനംതിട്ട: അധ്യാപികയായ ഭാര്യയുടെ ശമ്പളകുടിശ്ശിക തടഞ്ഞുവെച്ചതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ തുടക്കം മുതൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം. സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് വീഴ്ചയില്ലെന്നായിരുന്നു പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്.
ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള രേഖകൾ തയാറാക്കേണ്ടത് സ്കൂൾ പ്രധാനാധ്യാപികയുടെ ചുമതലയാണെന്നും ജില്ല വിദ്യാഭ്യാസ ഓഫിസിന് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് സർക്കാറിന് നൽകിയ റിപ്പാർട്ടിൽ ഇവർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഇത് തള്ളിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ല വിദ്യാഭ്യാസ ഓഫിസിലെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
വിദ്യാഭ്യാസമന്ത്രിയടക്കം ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥർക്ക് ക്ലീൻചിറ്റ് നൽകിയുള്ള റിപ്പോർട്ട്. വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ നിർദേശിച്ചിരുന്നതായി മന്ത്രിയും സ്ഥിരീകരിച്ചിരുന്നു. എന്നാൽ, ഇതിനു പിന്നാലെയായിരുന്നു വീഴ്ചയില്ലെന്ന കണ്ടെത്തൽ.
നാറാണംമൂഴി സെൻറ് ജോസഫ് ഹൈസ്കൂളിലെ യു.പി.എസ്.ടിയായിരുന്ന കെ. അരുൺ രാജിവെച്ച ഒഴിവിൽ 2012 ജൂലൈ 16നാണ് ലേഖ രവീന്ദ്രനെ മാനേജർ നിയമിച്ചതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ ഇതേ സ്കൂളിൽനിന്ന് എച്ച്.എസ്.ടി തസ്തിക (നാച്ചുറൽ സയൻസ്) നഷ്ടപ്പെട്ട് പുറത്തായശേഷം പിന്നീട് ക്ലസ്റ്റർ കോഓഡിനേറ്ററായി നിയമിതയായ സൈജു സക്കറിയ നിയമനത്തിൽ അവകാശം ഉന്നയിക്കുകയും കോടതിയിൽ ഹരജി നൽകുകയും ചെയ്തു.
ഇതിനിടെ സർക്കാർ നിയമനം അംഗീകരിച്ച് ഉത്തരവിട്ടു. ഇത് ചോദ്യം ചെയ്ത് സൈജു സക്കറിയ കോടതിയെ സമീപിച്ചു. വിവിധ ഘട്ടങ്ങളിലായി നിയമപോരാട്ടം നടന്നതിനൊടുവിൽ സൈജു സഖറിയ സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതി ലേഖ രവീന്ദ്രന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു. വേതന കുടിശ്ശിക മൂന്ന് മാസത്തിനുള്ളിൽ ലഭ്യമാക്കണമെന്നും ഉത്തരവിട്ടിരുന്നു.
തുടർന്ന് സർക്കാർ ചട്ട പ്രകാരം നടപടി സ്വീകരിക്കാൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി മുതൽ ലേഖ രവീന്ദ്രൻ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിവരുന്നുണ്ട്. എന്നാൽ, നിയമനം കോടതി അംഗീകരിച്ച തീയതിയായ 2019 മുതൽ 2025 വരെയുള്ള ശമ്പള കുടിശ്ശിക പണമായി നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2012 മുതൽ 2019 വരെയുള്ള ശമ്പള കുടിശ്ശിക പി.എഫിൽ ലയിപ്പിക്കേണ്ടതായിട്ടുമുണ്ട്.
ശമ്പള കുടിശ്ശിക ലഭിക്കുന്നതിനായി സ്പാർക്കിൽ ഓതന്റിക്കേഷന് വേണ്ടി പ്രധാനാധ്യാപിക രേഖാമൂലം അപേക്ഷിച്ചത് 2025 ജൂലൈ 30നാണെന്നും ആഗസ്റ്റ് രണ്ടിന് തന്നെ ഇത് ജില്ല വിദ്യാഭ്യാസ ഓഫിസിൽ അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ ജില്ല വിദ്യാഭ്യാസ ഓഫിസർ മൂന്നുമാസത്തിനുള്ളിൽ അടിയന്തരമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങലും മാറി നൽകണമെന്ന് പ്രധാനാധ്യാപികക്ക് ഉത്തരവ് നൽകിയിട്ടുള്ളതാണെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, റിപ്പോർട്ടിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ഉദ്യോഗസ്ഥരെ വെള്ളപൂശാനുള്ള ശ്രമമാണെന്ന ആക്ഷേപവുമായി വിവിധ അധ്യാപകസംഘടനകളും രംഗത്തെത്തി.
നിലവിലെ പ്രധാനാധ്യാപിക മേയ് 31നാണ് ചുമതലയേറ്റതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സ്പാർക്കിൽ ഓതന്റിക്കേഷനു വേണ്ടി ജൂണിൽ തന്നെ അപേക്ഷ നൽകിയിരുന്നുവെന്നും ഇവർ പറയുന്നു. എന്നാൽ, പല വാദങ്ങൾ പറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു. പ്രധാന അധ്യാപികക്കാണ് ചുമതലയെങ്കിൽ ചൊവാഴ്ച തിടുക്കപ്പെട്ട് സ്കൂളിൽനിന്ന് രേഖകൾ വാങ്ങി ഒപ്പിട്ടുനൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സ്കൂൾ അധികൃതരും അധ്യാപകസംഘടനകളും ചോദിക്കുന്നു.
കഴിഞ്ഞദിവസമാണ് നാറാണംമൂഴി സെൻറ് ജോസഫ് എച്ച്.എസിലെ അധ്യാപിക ലേഖാ രവീന്ദ്രന്റെ ശമ്പളകുടിശ്ശിക വൈകിയതിനെതുടർന്നുണ്ടായ സാമ്പത്തികപ്രതിസന്ധിയിൽ മനംനൊന്ത് ഭർത്താവ് ഷിജോ ജീവനൊടുക്കിയത്. ബുധനാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ ഷിജോയുടെ മൃതദേഹം സംസ്കരിച്ചു. നൂറുകണക്കിനുപേർ സംസ്ക്കാരചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

