സന്നിധാനത്തും പുതുവത്സര ആഘോഷം
text_fieldsസംസ്ഥാന ബാലാവകാശ കമീഷൻ ചെയർമാനും അംഗങ്ങളും ശബരിമല സന്നിധാനം സന്ദർശിക്കുന്നു
ശബരിമല: സന്നിധാനത്തും പുതുവർഷ ആഘോഷം. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള കേരള പൊലീസ്, അഗ്നിരക്ഷ സേന, റാപിഡ് ആക്ഷൻ ഫോഴ്സ്, മറ്റു ജീവനക്കാർ തുടങ്ങിയവർ ചേർന്ന് ഹാപ്പി ന്യൂ ഇയർ എന്ന് കർപ്പൂരം കൊണ്ടെഴുതി അതിന് അഗ്നി പകർന്നാണ് പുതുവത്സരം ആഘോഷിച്ചത്.
ചോക്ക് കൊണ്ട് വരച്ച അക്ഷരങ്ങളിൽ കർപ്പൂരം നിറച്ചു. രാത്രി 12ന് ശബരിമലയിലെ ചീഫ് പൊലീസ് കോഓർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്ത് കർപ്പൂരത്തിലേക്ക് അഗ്നി പകർന്നു. ദർശനത്തിനെത്തിയ ഭക്തർക്കും പുതുവത്സരാഘോഷം കൗതുകക്കാഴ്ചയായി. പുതുവത്സര ആശംസ നേർന്നും ശരണം വിളിച്ചും അവരും ആഘോഷ ഭാഗമായി.
ശബരിമല സന്ദർശിച്ച് ബാലാവകാശ കമ്മീഷൻ
ശബരിമല: സംസ്ഥാന ബാലാവകാശ കമീഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ ബി. മോഹൻകുമാർ, കെ. കെ. ഷാജു എന്നിവർ എത്തിയത്. ശബരിമല പൊലീസ് ചീഫ് കോർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ദേവസ്വം ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ് ഓഫീസർ എസ്. ശ്രീനിവാസ് എന്നിവരുമായി കമീഷൻ കൂടിക്കാഴ്ച നടത്തി.
സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുഗമ ദർശനം ഉറപ്പാക്കാൻ സ്വീകരിച്ച വിവിധ നടപടികളിൽ കമ്മീഷൻ തൃപ്തി അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും പതിനെട്ടാം പടിയിലും ഒരുക്കിയ പ്രത്യേക വരി വിപുലീകരിക്കണമെന്നും കുട്ടികളെ കണ്ടെത്താൻ അണിയിക്കുന്ന റിസ്റ്റ് ബാൻഡ് എല്ലാ കുട്ടികളും അണിയുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും കമീഷൻ നിർദേശം നൽകി. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഉദ്യോഗസ്ഥരുമായി വിശദ ഹിയറിങ് നടത്തി നിലവിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നിർദേശങ്ങൾ നൽകുമെന്ന് കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

