Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
food safety
cancel
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശുചിത്വം...

ശുചിത്വം പാലിക്കുന്നതിൽ അശ്രദ്ധ; മഹത്തരമല്ല ഈ അന്നദാനം

text_fields
bookmark_border

പത്തനംതിട്ട: 'അന്നദാനം മഹാദാനം' എന്നാണ് എല്ലാവരും കരുതുന്നത്. പാപങ്ങൾ ഒഴിഞ്ഞുപോകാൻ അതിൽപരം മഹത്തായ മറ്റൊരു പുണ്യപ്രവൃത്തിയില്ലെന്നാണ് വിശ്വാസം. അവിശ്വാസികളും അന്നദാനത്തെ മഹത്തരമായാണ് കരുതുന്നത്. പണം വാങ്ങി പെട്ടിയിലിട്ടാണെങ്കിലും ഭക്ഷണ വിൽപന ശാലകളിൽ അന്നം വിളമ്പുന്നതിലും അതേ വിശ്വാസം പുലർത്തുന്നവരുണ്ട്. കച്ചവടത്തിനപ്പുറം മനുഷ്യനോടുള്ള സേവനമായി ഭക്ഷണവിൽപനയെ കരുതുന്നവരുണ്ട്. അതനുസരിച്ച് വൃത്തിയോടെയും കരുതലോടെയും ഭക്ഷണം വിളമ്പുന്നവരുണ്ട്.

എന്നാൽ, പെട്ടിയിൽ വീഴുന്ന പണത്തിൽ മാത്രം തൽപരരായവർ വൃത്തിയും വെടിപ്പും കരുതലുമെല്ലാം മറക്കുന്നു. അത്തരക്കാരാണ് ഇപ്പോൾ ഭക്ഷണ ശാലകൾ നടത്തുന്നവരിൽ ഏറെയും എന്നതാണ് അവസ്ഥ. ഇത്തരക്കാരുടെ ചെയ്തിയിൽ പൊലിഞ്ഞത് ഒരു ജീവനാണ്.

ഷവർമ കഴിച്ച് ഒരു കുട്ടി മരിച്ചതിന്‍റെ പേരിൽ പരിശോധനകളുമായി ഇറങ്ങിയിരിക്കുകയാണ് അധികൃതർ. ലൈസൻസ് പോലുമില്ലാത്ത, ഞെട്ടിക്കുന്ന തരത്തിൽ വൃത്തിഹീനമായ അന്തരീക്ഷമുള്ള നിരവധി ഭക്ഷണശാലകൾ നാടുനീളെ ഉണ്ടെന്നാണ് പരിശോധനക്ക് ഇറങ്ങിയ സംഘത്തിന്‍റെ കണ്ടെത്തൽ. ആരാണ് അതിന് ഉത്തരവാദിയെന്ന് ചോദിച്ചാൽ ഉദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നത് ഹോട്ടലുകൾ നടത്തുന്നവരിലേക്കാണ്. ചൂണ്ടുവിരൽ അങ്ങോട്ട് ചൂണ്ടുമ്പോൾ മറ്റ് വിരലുകളെല്ലാം ഉദ്യോഗസ്ഥരുടെ നേർക്കാണ് തിരിഞ്ഞിരിക്കുന്നതെന്ന സത്യം അവർ മറച്ചുപിടിക്കുന്നു.

എന്നാലും അവർ പറയുന്നു അശ്രദ്ധമായി ഭക്ഷണം കൈകാര്യം ചെയ്യുന്ന കാഴ്ചയാണ് മിക്കയിടങ്ങളിലുമെന്ന്. പിടിച്ചത് കിലോക്കണക്കിന് പഴകിയ മത്സ്യവും മാംസവും ഭക്ഷണവും. എന്നിട്ടും ഒരാഴ്ചയിൽ പത്തനംതിട്ട ജില്ലയിൽ പൂട്ടാൻ ഉത്തരവിട്ടത് മൂന്നു സ്ഥാപനങ്ങൾ മാത്രം. വൃത്തിഹീനമായി ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതിന്‍റെ ഉത്തരവാദികൾ ഭക്ഷ്യ സുരക്ഷാവകുപ്പ് മാത്രമാണ്. കാര്യക്ഷമമായ പരിശോധനക്ക് അവർ മുതിരുന്നില്ല.

ഭക്ഷണശാലകളിൽ ബാക്ടീരിയകൾ പെരുകാനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കാൻ ഭക്ഷ്യസുരക്ഷ വകുപ്പിന് കഴിയുന്നില്ല. എത്ര പറഞ്ഞാലും ഹോട്ടലുടമകൾ അതൊന്നും പാലിക്കുന്നില്ലെന്നാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് പറയുന്നത്. അതിന് പിഴയീടാക്കാൻ തുടങ്ങിയാൽ ഹോട്ടലുടമകൾ സംഘടിച്ചെത്തി സമരവും പ്രതിഷേധവും തുടങ്ങും. ഇവരുടെ മുഷ്കിന് മുന്നിൽ ആരോഗ്യ, ഭക്ഷ്യസുരക്ഷാവകുപ്പുകൾ മുട്ടുമടക്കുകയാണ്. അതിനാൽ ജില്ലയിൽ ഒഴുക്കൻമട്ടിലുള്ള പരിശോധനയാണ് നടക്കുന്നത്. വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം വിളമ്പി കഴിക്കാനെത്തുന്നവരുടെ വയറും ആരോഗ്യവും കേടാക്കുന്ന ഭക്ഷണശാല നടത്തിപ്പുകാർ ഈ വ്യവസായ മേഖലക്കുതന്നെ കളങ്കമേൽപ്പിക്കുന്നു.

ജനം കയറിവന്ന് ഭക്ഷണം വീണ്ടും വീണ്ടും കഴിച്ചാലേ തങ്ങളുടെ ബിസിനസിന് നിലനിൽപ്പുള്ളൂ എന്ന് ഇക്കൂട്ടർ സൗകര്യപൂർവം മറക്കുകയാണ്. ചിലരുടെ ഇത്തരം സ്വാർഥ താൽപര്യങ്ങൾ കാരണം മികച്ച രീതിയിൽ എല്ലാം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ പോലും സംശയത്തിന്റെ മുനയിലാണ്. കഴിക്കാനായി ഭക്ഷണശാലയിൽ കയറുന്നവർക്കും വേണം ജാഗ്രത. വൃത്തിഹീനമായ അന്തരീക്ഷമാണെന്ന് കണ്ടാൽ ഇറങ്ങിപ്പോകുകതന്നെ വേണം.

ടൗണിലെ ചില ഹോട്ടലുകളിൽനിന്നും അടുത്തിടെ ബിരിയാണി കഴിച്ച നിരവധി പേർ ആശുപത്രിയിൽ അഡ്മിറ്റായ സംഭവവുമുണ്ടായി. പരാതി നൽകിയാൽ യാതാരു പ്രയോജനവും ഇല്ലെന്നാണ് പരാതികൾ നൽകിയവരുടെ പ്രതികരണം. ഫുഡ്സേഫ്റ്റിക്കാരെയും ആരോഗ്യ വിഭാഗത്തെയുമൊക്കെ കച്ചവടക്കാർ ഇടക്കിടെ കണ്ടാൽ പിന്നെ അവർ അനങ്ങില്ലെന്ന സംസാരം ഭക്ഷണശാല നടത്തിപ്പുകാരും ഭക്ഷണം കഴിക്കാനെത്തുന്നവരും ഒന്നുപോലെ പറയുന്നു.

സുരക്ഷിതമാകണം സൂക്ഷിക്കൽ

ഇറച്ചിയും മീനും വെറുതെയൊരു പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞ് ഫ്രിഡ്ജിന്‍റെ ഫ്രീസറിൽ കയറ്റിവെച്ചാൽ സുരക്ഷിതമായി സൂക്ഷിക്കലാകില്ല. പ്രത്യേകം ഫ്രീസറിൽ മൈനസ് 18 ഡിഗ്രി തണുപ്പിൽ വേണം ഇവ സൂക്ഷിക്കാൻ. എന്നാൽ, മാത്രമേ സൂക്ഷ്മാണുക്കൾ കയറി അവ കേടാകാതിരിക്കൂ. ഇത്തരത്തിൽ ഫ്രീസറിൽ വെക്കുമ്പോൾ കണ്ടെയ്നർ ബോക്സിന് പുറത്ത് തീയതി ഉൾപ്പെടെ വിവരങ്ങളും രേഖപ്പെടുത്തിയിരിക്കണം. ഇടക്കിടെ തണുപ്പ് കൃത്യമാണെന്ന് ഉറപ്പുവരുത്തണം. പല ഹോട്ടലുകളിലും ഈ നിബന്ധന പാലിക്കുന്നില്ല. ഇതുകാരണം പച്ചമാംസം പെട്ടെന്ന് കേടാകും. ഫ്രീസറുകൾക്ക് വൃത്തിയില്ലാത്തത് മറ്റൊരു വലിയ വെല്ലുവിളിയാണ്.

വെറുതെ ഒരു രൂപയുടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് മാംസം ഫ്രിഡ്ജിൽ കയറ്റി സൂക്ഷിക്കുന്നതും ഫ്രീസറിൽ തണുപ്പ് കൃത്യമാക്കാതെ വെക്കുന്നതും സാധാരണകാഴ്ച. ഇത്തരത്തിൽ കവറിലാക്കി ഇറച്ചിയും മറ്റും സൂക്ഷിക്കുന്ന ഫ്രിഡ്ജിലാകും മാവും പാലും മാരിനേറ്റ് ചെയ്തതും പഴയഭക്ഷണവും ഒക്കെ സൂക്ഷിക്കുന്നത്. ബാക്ടീരിയ പോലുള്ള സൂക്ഷ്മാണുക്കൾക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കയറാൻ ഇതിലും നല്ല സൗകര്യം ചെയ്തുകൊടുക്കാനില്ല. വെജ്, നോൺ വെജ് ഭക്ഷണപദാർഥങ്ങൾക്കും അതിനായി ഉപയോഗിക്കുന്ന സാധനങ്ങളും ഒരുമിച്ച് ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കാനും പാടില്ല.

ശ്രദ്ധവേണം മയോണൈസിനെ

ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഏറെ ശ്രദ്ധവേണം. കോൾഡ് സോസ് ആയ മയോണൈസും സലാഡും ഒക്കെ പെട്ടെന്ന് കേടാവുന്നതാണ്. ഫ്രിഡ്ജിൽ നാല് ഡിഗ്രിയിൽ തണുപ്പിച്ച് വേണം പച്ചമുട്ടയിൽ ഉണ്ടാക്കുന്ന മയോണൈസ് സൂക്ഷിക്കാൻ. റൂമിലെ ചൂടിൽ ഒന്ന് രണ്ട് മണിക്കൂർകൊണ്ട് മയോണൈസിൽ ബാക്ടീരിയ പെരുകും. മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്നത് നാല് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കാനും പാടില്ല. മാർക്കറ്റിൽനിന്ന് വാങ്ങുന്ന പാസ്ച്വറൈസ് ചെയ്ത മയോണൈസ് കുറച്ച് സുരക്ഷിതമാണെന്ന് പറയാം. ഇതും തുറന്നുകഴിഞ്ഞാൽ ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കണം. അതും രണ്ട് ദിവസത്തിനകം ഉപയോഗിക്കണം.

എല്ലാം ഉപയോഗശൂന്യമായ നിലയിൽ

മത്സ്യ മാർക്കറ്റുകളുടെയും ഇറച്ചി വിൽപന ശാലകളുടെ അവസ്ഥയും പരിതാപകരമാണ്. രാഷ്ട്രീയ നേതാക്കളുടെ ബിനാമികൾ നടത്തുന്ന കച്ചവട സ്ഥാപനങ്ങളും ഇക്കൂട്ടത്തിലുണ്ട്. മുഴുവൻ മത്സ്യ മാർക്കറ്റുകളിലും മാരകമായ രാസവസ്തുക്കൾ ചേർത്ത മത്സ്യമാണ് വിൽക്കുന്നത്. പത്തനംതിട്ട, കുമ്പഴ, കോന്നി, ഓമല്ലൂർ തുടങ്ങിയ മത്സ്യ മാർക്കറ്റുകളിൽ എത്തുന്ന മത്സ്യങ്ങളിൽ വലിയ രീതിയിൽ രാസവസ്തുക്കൾ ചേർത്താണ് വിൽപനക്ക് എത്തിക്കുന്നത്.

കിലോക്കണക്കിന് ചീഞ്ഞ മത്സ്യങ്ങളും പച്ചക്കറികളും മറ്റ് ഭക്ഷണ സാധനങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നും പിടികൂടിയത്. കോഴിക്കടകളിൽ ചത്ത കോഴിയെ വരെ വിൽപന നടത്തുന്നതായുള്ള വ്യാപക പരാതികൾ ഉയരുന്നുണ്ട്. ചില ഹോട്ടലുകൾക്ക് ഇത് വില കുറച്ച് നൽകുകയും ചെയ്യുന്നുണ്ട്.

വഴിയോരത്ത് എന്ത് ചീഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽപന നടത്തിയാലും ആരും തിരിഞ്ഞ് നോക്കാറില്ല. മായം കലർന്ന പഴങ്ങളുടെ വിൽപന കേന്ദ്രങ്ങളായി വഴിയോരങ്ങൾമാറി. ഒന്നോ രണ്ടോ ദിവസംകൊണ്ട് പരിശോധനകൾ അവസാനിക്കുമെന്ന് എല്ലാവർക്കും അറിയാം. പരിശോധന വിവരം കച്ചവടക്കാർ അറിഞ്ഞതോടെ അവരും വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

ഷവർമ വില്ലനാകില്ല, ശ്രദ്ധിച്ചാൽ

നിർമിക്കുന്നവരും കഴിക്കുന്നവരും ശ്രദ്ധവെച്ചാൽ ഷവർമ വില്ലനാകില്ല. വലിയ കോണുകളിൽ കുത്തിനിറച്ച് ഇറച്ചി വേവിക്കാതിരിക്കുകയാണ് നിർമിക്കുന്നവർ ചെയ്യേണ്ടത്. കോണുകളിൽ കൊരുത്ത ഇറച്ചിക്ക് പുറത്താണല്ലോ തീ അടിച്ച് ചൂടായി വേകുന്നത്. ചിക്കൻ 15 മിനിറ്റും ബീഫ് 30 മിനിറ്റും 75-100 ഡിഗ്രി ചൂടിലാണ് വേവിക്കേണ്ടത്. എന്നാൽ, വേവിക്കുമ്പോൾ പലപ്പോഴും കോണിന്റെ ഉള്ളിലേക്ക് തീ അടിച്ചിട്ടുണ്ടാകില്ല. ഇതുകാരണം ഉള്ളിലുള്ള ഇറച്ചി വേകുന്നില്ല. പലപ്പോഴും തിരക്ക് കൂടുമ്പോൾ ഇറച്ചിക്കുള്ളിലേക്ക് താഴ്ത്തി മുറിച്ചിടുകയും ചെയ്യും.

ഇതോടെ വേകാത്ത ഇറച്ചികൂടി ഷവർമയായി ഉപഭോക്താവിന് കിട്ടും. പലയിടത്തും വലിയ കോണിലെ ഇറച്ചി മുഴുവൻ ചിലപ്പോൾ ഒരു ദിവസത്തിൽ തന്നെ വിറ്റുപോകില്ല. ബാക്കിയാകുന്നവ പിറ്റേന്ന് ഉപയോഗിക്കുന്ന സ്ഥിതിയുമുണ്ട്. നാലുമണിക്കൂറിൽ കൂടുതൽ ഇറച്ചി കോണിൽ കുത്തിവെക്കുന്നതും കേടാകുന്നതിന് കാരണമാകും. കൂടുതൽ സമയം ഇരിക്കുന്തോറും കോണിന്റെ നടുവിലുള്ള, ചൂടേൽക്കാത്ത ഇറച്ചി കേടായിക്കൊണ്ടിരിക്കും. അതിൽനിന്ന് ബാക്ടീരിയപോലുള്ള അണുക്കൾ ബാക്കി ഇറച്ചിയെയും മലിനമാക്കും. ഈ സാഹചര്യങ്ങൾ പരിഗണിച്ച് ഷവർമ കോണുകൾ നാലു മണിക്കൂറിൽ അധികം ഉപയോഗിക്കാതിരിക്കാൻ ചെറിയ കോണുകൾ വേണം തയാറാക്കാൻ എന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പ് കടകൾക്ക് നിർദേശം നൽകുന്നത്.

കോണുകളിൽനിന്ന് മുറിച്ചെടുക്കുന്ന ഇറച്ചി അൽപനേരം മൈക്രോവേവ് ഓവനിൽ കയറ്റി രണ്ടാമതൊന്ന് ചൂടാക്കുന്നതും നല്ലതാണ്. ഷവർമ പാർസൽ വാങ്ങിയാൽ ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞാകും കഴിക്കുന്നത്. അപ്പോഴേക്കും ഷവർമക്കുള്ളിൽ രോഗാണുക്കൾ പെറ്റുപെരുകിയിരിക്കും. പാർസലായി വാങ്ങുന്നത് എത്രയും പെട്ടെന്ന് ചൂടോടെ കഴിക്കണമെന്നാണ് വിദഗ്ധർ ഓർമിപ്പിക്കുന്നത്. കൂടിപ്പോയാൽ ഒരു മണിക്കൂർ അതിനപ്പുറം ഷവർമ സൂക്ഷിക്കരുത്. പുതിയ സാഹചര്യത്തിൽ ഷവർമ പാർസലിന് പുറത്ത് പാക്ക് ചെയ്യുന്ന തീയതിയും സമയവും രേഖപ്പെടുത്തണമെന്ന് നിർദേശം നൽകിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷ വിഭാഗം.

വൃത്തിയും വെടിപ്പും: ആർക്കും ധാരണയില്ല

ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ പുലർത്തേണ്ട ശ്രദ്ധയും വൃത്തിയും പോലുള്ള കാര്യങ്ങളിൽ ഹോട്ടൽ ജീവനക്കാർക്കും അതിന്‍റെ നടത്തിപ്പുകാർക്കും ധാരണയില്ല എന്നതാണ് വലിയ വെല്ലുവിളി.

അറബിക് വിഭവങ്ങൾ എങ്ങനെ കൃത്യമായി പാചകം ചെയ്യണമെന്ന് അറിയാത്തവർ പോലുമുണ്ട്. ഹോട്ടൽ ജീവനക്കാരിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഫോസ്റ്റാക് പരിശീലനം നേടിയവർ ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്. സൗജന്യമായ ഈ പരിശീലനം ലഭിച്ചവർ ജില്ലയിൽ വിരളമാണ്.

കടകളിൽ അംഗീകൃത ഏജൻസികളെക്കൊണ്ട് കീടവിമുക്തി വരുത്തിയതിന്റെ സർട്ടിഫിക്കറ്റും കാണാനില്ല. വെള്ളത്തിലും പഴകിയ പഴങ്ങളിലും ഭക്ഷണത്തിലുമെല്ലാം ഷിഗെല്ലയും സാൽമോണലയും പോലുള്ള രോഗാണുക്കളുണ്ടാകും എന്നും പലർക്കും അറിയില്ല. വെള്ളത്തിന്റെ ഗുണമേന്മ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവയും ഉറപ്പാക്കണം. ഇറച്ചിയും മറ്റും വേവിക്കുന്ന എണ്ണ വീണ്ടും ഉപയോഗിക്കാതെ റൂകോ അംഗീകൃത ഏജൻസികൾക്ക് ബയോ ഡീസൽ നിർമാണത്തിനുവേണ്ടി മാത്രം കൈമാറണമെന്നാണ് ഹോട്ടൽ ഉടമകൾക്ക് ഭക്ഷ്യസുരക്ഷ വിഭാഗം നൽകുന്ന നിർദേശം. അതൊന്നും പാലിക്കപ്പെടുന്നില്ല.

നടപടി കഠിനം; പക്ഷേ, ആരും അതിൽപെട്ടിട്ടില്ല

പരിശോധനക്കിടയിൽ കണ്ടെത്തുന്ന താരതമ്യേന ചെറിയ ന്യൂനനതകൾക്കാണ് പിഴയീടാക്കുന്നത്.

ഒരുലക്ഷം വരെയാണ് ഇത്തരത്തിൽ പിഴ നൽകേണ്ടത്. നിലവാരമില്ലായ്മ, പഴകിയ ഭക്ഷണം സൂക്ഷിക്കൽ പോലുള്ള തെറ്റുകൾക്ക് ആർ.ഡി.ഒ കോടതിയിൽ കേസാകും. ഇവിടെ പിഴ മൂന്നുലക്ഷം വരെയാകാം. മനുഷ്യന് ഹാനികരമെന്ന് റിപ്പോർട്ട് വന്നാൽ ആറുമാസം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കേസാകുകയും അത് കോടതിയിൽ വിചാരണയിലേക്ക് പോകുകയും ചെയ്യും.

ലൈസൻസില്ല എന്നത് ഉൾപ്പെടെ കാരണങ്ങളിൽ പൂട്ടുവീഴുന്ന സ്ഥാപനങ്ങൾക്ക് ന്യൂനതകൾ പരിഹരിച്ച് അപേക്ഷ നൽകിയാൽ, നേരത്തേ പരിശോധിച്ച ഉദ്യോഗസ്ഥസംഘംതന്നെ വീണ്ടും പരിശോധിച്ച് അനുകൂല റിപ്പോർട്ട് നൽകിയാലേ തുറക്കാനാകൂ. ഇങ്ങനെയൊക്കെയാണ് വ്യവസ്ഥകൾ. ഇതനുസരിച്ച് വൻ പിഴയോ മറ്റ് ശിക്ഷകളോ ജില്ലയിൽ ഇതുവരെ ആർക്കും ലഭിച്ചതായി അധികൃതർ അവകാശപ്പെടുന്നില്ല.

ശുചിത്വം പാലിക്കുന്നതിൽ അശ്രദ്ധ -ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമീഷണർ

ഭക്ഷണശാലകളുടെ നിലവാരം പണ്ടത്തേതിനെ അപേക്ഷിച്ച് കുറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് പത്തനംതിട്ട ഭക്ഷ്യസുരക്ഷ അസിസ്റ്റന്‍റ് കമീഷണർ ജി. ശ്രീകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നിരുന്നാലും ഭക്ഷ്യസുരക്ഷ നിയമം അനുശാസിക്കും വിധം വൃത്തിയും വെടിപ്പും ഇനിയും മിക്കയിടത്തും കൈവരിച്ചിട്ടില്ല. അശ്രദ്ധയാണ് പ്രധാനം.

നിയമം നടപ്പാക്കാനിറങ്ങുന്നത് ആരെയും ദ്രോഹിക്കാനല്ല. മികച്ച സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള മനഃസ്ഥിതി നമുക്കുണ്ടാകണം. മോശമായി പ്രവർത്തിക്കുന്നവരെ കൂടി നിലവാരം മെച്ചപ്പെടുത്തിയെടുക്കാൻ നോക്കുന്നുണ്ട്. അത് നടക്കുന്നില്ലെങ്കിൽ നടപടിയെടുക്കും. ആഹാരക്കാര്യമായതിനാൽ അവർ മെച്ചപ്പെട്ടുവരാൻ കൂടുതൽ സമയം കാത്തിരിക്കാൻ കഴിയില്ല. ഞാൻ ഇവിടെ ചാർജ് എടുത്തിട്ട് ഒരാഴ്ചയെ ആയിട്ടുള്ളു. ജില്ലയിൽ 20 ശതമാനം ഭക്ഷണശാലകളെങ്കിലും സ്ഥിതി മെച്ചപ്പെടുത്താനുണ്ടെന്നാണ് കരുതുന്നത്. ഭക്ഷണശാലകളുടെ പെരുപ്പം നിമിത്തം എല്ലായിടത്തും കാര്യക്ഷമമായ പരിശോധന നടത്താൻ കഴിയുന്നില്ല. ഹോട്ടലുകൾ, ബേക്കറികൾ, വീടുകൾ തുടങ്ങി ഭക്ഷണശാലകൾ നാട്ടിൽ പെരുകുകയാണ്.

അതനുസരിച്ച് പരിശോധനക്ക് ഉദ്യോഗസ്ഥരില്ല. ജില്ലയിൽ ഭക്ഷ്യസുരക്ഷ വകുപ്പിന് അഞ്ച് സർക്കിളുകളാണുള്ളത്. അതിൽ ഒരിടത്ത് ഓഫിസറില്ല. ആകെ രണ്ട് വാഹനങ്ങളാണുള്ളത്. അതിനാൽ എല്ലായിടത്തും എത്തിപ്പെടാൻ കഴിയുന്നില്ല. ജില്ലയിൽ 10 സർക്കിളുകളെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പരിശോധന കാര്യക്ഷമമാകൂ.

പരിശോധന നടത്തുന്നത് നടപടിയെടുക്കുന്നതിനുവേണ്ടിയാണ്. ജില്ലയിൽ ലൈസൻസും രജിസ്ട്രേഷനുമൊക്കെ മിക്ക സ്ഥാപനങ്ങൾക്കുമുണ്ട്. ലൈസൻസില്ലാത്തവയായി മൂന്നെണ്ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ഹോട്ടലുകളിൽ നമ്മൾ കാണുന്നവൃത്തി നടത്തിപ്പുകാർക്കും ജീവനക്കാർക്കും കാണില്ല.

അവർ കരുതുന്നത് വൃത്തിയായാണ് നടത്തുന്നതെന്നാണ്. പാത്രങ്ങളും ഗ്രൈൻഡറുകളുമൊക്കെ അകം വൃത്തിയാക്കും പുറം മലിനമായിരിക്കും. കൂടുതൽ വീഴ്ചകൾ വരുത്തുന്നവർക്ക് പിഴയടപ്പിക്കാൻ നോട്ടീസ് നൽകും. അല്ലാത്തവക്ക് മൂന്നോ നാലോ ദിവസത്തിനുള്ളിൽ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്ന് കാണിച്ച് നോട്ടീസ് നൽകും. ഇപ്പോൾ നടക്കുന്ന പരിശോധനയുമായി ബന്ധപ്പെട്ട് ആർ.ഡി.ഒക്ക് ഒരു കേസും കൈമാറിയിട്ടില്ല.

നേരത്തേ നടത്തിയിട്ടുള്ള പരിശോധനകളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ആർ.ഡി.ഒയുടെ പക്കലും ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും നിലനിൽക്കുന്നുണ്ട്. ഓപറേഷൻ മത്സ്യയുമായി ബന്ധപ്പെട്ട് 22 സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിസൽട്ട് വന്നിട്ടില്ല. ശർക്കരയുടെ എട്ട് സാമ്പിളുകൾ എടുത്തിട്ടുണ്ട്.

ഷവർമ വിൽക്കുന്ന 48 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 16 എണ്ണത്തിന് നോട്ടീസ് നൽകി. 30 കിലോ ഇറച്ചി നശിപ്പിച്ചു. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. സാധാരണ നിലയിൽ പ്രതിമാസം 30നും 50നും ഇടയിൽ സ്ഥാപനങ്ങൾ പരിശോധിച്ച് വരുന്നുണ്ടെന്നും അസിസ്റ്റന്‍റ് കമീഷണർ ജി. ശ്രീകുമാർ പറഞ്ഞു.

'ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകളിലും പരിശോധന വേണം'

കെ.കെ. നവാസ് (യൂനിറ്റ് പ്രസിഡന്‍റ്, കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്‍റ് അസോസിയേഷൻ, പത്തനംതിട്ട)

പത്തനംതിട്ട: കുറെ ദിവസങ്ങളായി സംസ്ഥാന വ്യാപകമായി ഹോട്ടൽ-ബേക്കറി ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ നടക്കുന്ന പരിശോധന ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷനും വ്യാപാരികളും സ്വാഗതംചെയ്യുന്നു. എന്നാൽ പ്രളയം, ജി.എസ്.ടി, കോവിഡ് തുടങ്ങിയ പ്രശ്നങ്ങളിൽനിന്ന് കരകയറി വരുമ്പോൾ എല്ലാവരും മോശക്കാരെന്ന തരത്തിലുള്ള വാർത്തകൾ കച്ചവടമേഖലക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് സംഘടന സ്വീകരിക്കില്ല. ഉപഭോക്താവിന് ഏറ്റവും വൃത്തിയിൽ നല്ല നിലയിൽ ഭക്ഷണം കൊടുക്കാനാണ് എല്ലാ വ്യാപാരികളും ശ്രമിക്കുന്നത്. ഏറ്റവും നല്ല ഭക്ഷണവും സർവിസും നൽകാനുള്ള മാത്സര്യമാണിന്ന് വ്യാപാരികൾ തമ്മിലുള്ളത്. ആരും ഒരിക്കലും മോശം ഭക്ഷണം നൽകാൻ തയാറല്ല.

ഇന്ന് വരുന്ന ആളുകൾ നാളെയും വരണമെന്ന് ചിന്തിക്കുന്ന സ്ഥിരം വ്യാപാരികൾ ഏതെങ്കിലും കടയിൽ എവിടെയെങ്കിലും നടന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഉദ്യോഗസ്ഥരാൽ പീഡിപ്പിക്കപ്പെടുന്നുണ്ട്, അത് പാടില്ല.

ഭക്ഷണകാര്യത്തിൽ നല്ല നിലവാരം നിലനിർത്താൻ എല്ലാ വ്യാപാരികൾക്കും ആവശ്യമായ ബോധവത്കരണവും സഹായങ്ങളും സംഘടന നൽകുന്നുണ്ട്. അതുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ആരെയെങ്കിലും പ്രീതിപ്പെടുത്താൻ വ്യാപാരികളെ പീഡിപ്പിക്കുന്ന തരത്തിലുള്ള പരിശോധനകൾ നിർത്തിവെക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന ഒരുസ്ഥാപനത്തിലും പരിശോധന നടത്താനോ നടപടിയെടുക്കാനോ ഉദ്യോഗസ്ഥർ തയാറാകുന്നില്ല എന്നതും പ്രതിഷേധാർഹമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safety
News Summary - Negligence in hygiene; This feeding is not great
Next Story