അരിക്കൊമ്പനെ തളക്കാൻ വിക്രം; വിക്രത്തെ തളച്ചത് നീലകണ്ഠൻ
text_fieldsവിക്രത്തെ പിടികൂടിയ കോടനാട് നീലകണ്ഠൻ കോന്നിയിൽ ആനത്താവളത്തിൽ
കോന്നി: കാട് വിറപ്പിക്കുന്ന ഏതു കൊലകൊമ്പനെയും നേരിടാൻ ചങ്കൂറ്റം കാണിക്കും കോടനാട് നീലകണ്ഠൻ; കാടും നാടും വിറപ്പിച്ച വടക്കനാടൻ കൊമ്പൻ വിക്രത്തെ വരുതിയിലാക്കിയവൻ. ഇപ്പോൾ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യ സംഘത്തിലാണ് വിക്രം എങ്കിൽ, കോടനാട് നീലകണ്ഠൻ കോന്നി ആനത്താവളത്തിലാണ്. 24 വയസ്സുണ്ട്. വലതു കൈക്ക് ബലക്കുറവ് കണ്ടതിനെ തുടർന്നാണ് ആനത്താവളത്തിലേക്ക് മാറ്റിയത്.
2018ൽ മുത്തങ്ങയിലെ വടക്കനാട് മേഖല വിറപ്പിച്ച വടക്കനാട് കൊമ്പൻ എന്ന കൊമ്പൻ വിക്രത്തെ വനംവകുപ്പ് കോടനാട് നീലകണ്ഠൻ എന്ന കുങ്കി ആനയെ ഉപയോഗിച്ചാണ് പിടികൂടിയത്. വിക്രത്തെ ചട്ടം പഠിപ്പിച്ച് വനം വകുപ്പ് കുങ്കി ആനയാക്കി. വിക്രം ജനവാസ മേഖലയിൽ ഇറങ്ങി ശല്യം ഉണ്ടാക്കിയപ്പോൾ കോളർ ഘടിപ്പിച്ച് വനം വകുപ്പ് നിരീക്ഷണത്തിൽ വിട്ടിരുന്നു. ഇതിനു ശേഷമാണ് നീലകണ്ഠൻ വിക്രത്തെ പിടികൂടുന്നത്. കൊലയാന എന്ന് പേരുകേട്ട വിക്രത്തെ പിടികൂടി വാഹനത്തിൽ കയറ്റാനും അന്ന് ഏറെ പണിപ്പെട്ടിരുന്നു.
2018ലാണ് കോടനാട് നീലകണ്ഠൻ കുങ്കി പരിശീലനം പൂർത്തിയാക്കിയത്. കോന്നി സുരേന്ദ്രൻ, കോടനാട് നീലകണ്ഠൻ, മുത്തങ്ങ സൂര്യ എന്നീ താപ്പാനകളും ഒരുമിച്ചായിരുന്നു പരിശീലനം. 1996ൽ കോതമംഗലം വടാട്ടുപാറ വനമേഖലയിൽ നിന്നാണ് രണ്ട് വയസ്സുള്ളപ്പോൾ നീലകണ്ഠനെ വനംവകുപ്പിന് ലഭിച്ചത്. പി. ടി 7നെ പിടികൂടാൻ ഉള്ള ദൗത്യത്തിലും കോടനാട് നീലകണ്ഠൻ പിടികൂടിയ വിക്രം ഉണ്ടായിരുന്നു. കോന്നിയിൽനിന്ന് സുരേന്ദ്രനെ കൊണ്ടുപോയ ശേഷമാണ് നീലകണ്ഠനെ കോന്നിയിൽ എത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

