നാഷനല്‍ ട്രസ്റ്റ് യോഗം: 40 പേര്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം അനുവദിച്ചു
text_fieldsപത്തനംതിട്ട: 40 പേര്‍ക്ക് നിയമപരമായ രക്ഷാകര്‍ത്താക്കളെ അനുവദിക്കാൻ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷനല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റി തീരുമാനിച്ചു.
അപേക്ഷകരുടെ കുടുംബങ്ങളുടെ വിവരങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. അവരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പുവരുത്തിയ ശേഷം ലോക്കല്‍ ലെവല്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ച അപേക്ഷകളിലാണ് തീരുമാനം എടുത്തത്.
നാഷനല്‍ ട്രസ്റ്റ് ആക്ട് പ്രകാരം ഭിന്നശേഷിക്കാരുടെ സംരക്ഷണം ഉറപ്പാക്കാനായി നിയമപരമായ രക്ഷാകർതൃത്വം ഏറ്റെടുക്കുന്നവര്‍ അവരോടൊപ്പം താമസിച്ച് ശുശ്രൂഷിക്കുന്നവരും നിയമപരമായും സാമ്പത്തികമായും എല്ലാ ഇടപെടലുകളും ചെയ്യാനായി പ്രാപ്തി ഉള്ളവരാണോയെന്നും കമ്മിറ്റി വിലയിരുത്തും.
കൂടാതെ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന പെന്ഷന്, സ്കോളര്‍ഷിപ് മുതലായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ, വാസയോഗ്യമായ ഭവനം ഉണ്ടോ, കുടുംബസ്വത്ത് വീതം ചെയ്യുമ്പോള്‍ പിന്തുടര്ച്ചാവകാശ പ്രകാരമുള്ള ഭാഗം കിട്ടുന്നുണ്ടോ തുടങ്ങിയ പ്രശ്നങ്ങളിലും ട്രസ്റ്റ് ഇടപെടലുകള്‍ നടത്തും.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്രാഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് നാഷനല്‍ ട്രസ്റ്റിന്റെ കമ്മിറ്റി നിയമപരമായ രക്ഷാകര്‍ത്താക്കളെ അനുവദിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 112 പേര്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

