പൊളിച്ചു, നിർമിച്ചു, വീണ്ടും പൊളിച്ചു; ഉളയമഠം ഭാഗത്ത് സ്വകാര്യവ്യക്തി പണിത ഇരുമ്പുപാലമാണ് നഗരസഭ പൊളിച്ചത്
text_fieldsപന്തളം: നഗരസഭ അധികൃതർ പൊളിച്ചുമാറ്റിയ പാലം അവധിദിവസം വീണ്ടും നിർമിച്ചു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ നഗരസഭ അധികൃതർ വീണ്ടും പാലം പൊളിച്ചുമാറ്റി. മുട്ടാർ നീർച്ചാലിന്റെ കിളിവെള്ളൂർ പുഞ്ചയിലെ ഉളമയിൽ ഉളയമഠം ഭാഗത്ത് കടക്കാട് സ്വദേശി ഹാരിസ് പണിത ഇരുമ്പുപാലമാണ് നഗരസഭ പൊളിച്ചുമാറ്റിയത്. അന്തർ സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലത്തേക്ക് പോകാൻ ഹാരിസ് തോടിന് കുറുകെ പണിത ഇരുമ്പുപാലമാണ് നഗരസഭ ഉദ്യോഗസ്ഥരുടെയും കൗൺസിലർമാരുടെയും സാന്നിധ്യത്തിൽ പൊളിച്ചത്.
നീർച്ചാൽ വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഇവിടെ മുമ്പ് ഇതേ വ്യക്തിതന്നെ പണിതിട്ടിരുന്ന കോൺക്രീറ്റ് പാലം ആഗസ്റ്റ് ആറിന് നഗരസഭ അധികാരികൾ പൊളിച്ചിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ഞായറാഴ്ച അനുമതി ഇല്ലാതെ ഇരുമ്പ് പാലം പണിയുകയായിരുന്നു. നഗരസഭയുടെ അനുമതിയില്ലാതെയാണ് ഇരുമ്പുപാലം പണിതതെന്ന് നഗരസഭ അസി. എൻജിനീയർ കെ. ജയകുമാർ പറഞ്ഞു. പുഞ്ചയ്ക്ക് മറുഭാഗത്ത് നിർമിച്ചിരിക്കുന്ന കെട്ടിടം അനധികൃതമാണെന്നും പരാതികളുണ്ട്.
ആറ് മുറികളുള്ള കെട്ടിടം അന്തർസംസ്ഥാന തൊഴിലാളികൾ താമസിപ്പിക്കുന്നതിന് വേണ്ടിയാണ് കെട്ടിടം സജ്ജമാക്കിയത്. കോവിഡ് കാലത്ത് കലക്ടറായിരുന്ന നൂഹ് സ്ഥലം സന്ദർശിച്ച് കെട്ടിടം പൂട്ടാൻ നിർദേശം നൽകിയതാണ്. എന്നാൽ, ഇത് അവഗണിച്ച് ഇവിടെ അന്തർസംസ്ഥാന തൊഴിലാളികളെ താമസിച്ചു വരികയായിരുന്നു. നഗരസഭ ഓവർസിയർ കെ. സന്തോഷ് കുമാർ, വൈസ് ചെയർപേഴ്സൺ യു. രമ്യ, സ്ഥിരം സമിതി അംഗങ്ങളായ ബെന്നിമാത്യു, സൗമ്യ സന്തോഷ്, കെ. സീന എന്നിവരുടെ നേതൃത്വത്തിലാണ് അനധികൃത നിർമാണം പൊളിച്ചുമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

