സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയൊരുക്കി നാഗപ്പാറ
text_fieldsമല്ലപ്പള്ളി: ദൃശ്യവിരുന്നായി പ്രകൃതിഭംഗി നിറയുന്ന ചുങ്കപ്പാറയിലെ നാഗപ്പാറ. കോട്ടാങ്ങൽ പഞ്ചായത്തിലെ നിർമലപുരം കരുവള്ളിക്കാട് നാഗപ്പാറ എന്നും സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചയാണ്. പമ്പ-മണിമല നദികളുടെ നടുവിൽ റാന്നി-പൊന്തൻപുഴ റിസർവ് വനത്തോടു ചേർന്നാണ് ഈ മനോഹര സ്ഥലം. വനത്തിൽ നിന്നുള്ള കുളിർക്കാറ്റും കിളികളുടെ ആരവവും കാട്ടുചോലയുടെ ശബ്ദവും പ്രദേശത്തെ പ്രിയങ്കരമാക്കുന്നു. നാഗപ്പാറക്കു മുകളിലെത്തി പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്.
കരുവള്ളക്കാട്- നാഗപ്പാറയും ഒരക്കംപാറ വെള്ളച്ചാട്ടവും പ്രകൃതി ഭംഗി നിറഞ്ഞതാണെങ്കിലും ഇവിടെ സൗകര്യങ്ങളൊരുക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഇവിടെയെത്തുന്നവർക്ക് മഴയും വെയിലുമേൽക്കാത്ത വിശ്രമകേന്ദ്രമാണ് ആദ്യം വേണ്ടത്. ഗ്രാമീണ ഇക്കോ ടൂറിസം പദ്ധതിയിലേക്ക് നാഗപ്പാറ കരുവള്ളിക്കാട് മലയും ഒരക്കം പാറയും ഉൾപ്പെടുത്താൻ നടപടി വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പദ്ധതി നടപ്പായാൽ പഞ്ചായത്തിന് വരുമാനവും ടൂറിസം മേഖലക്ക് ഉണർവും ഉണ്ടാകും. നാഗപ്പാറ, കരുവള്ളിക്കാട്, മൈലാടുംപാറ എന്നിവ ബന്ധിപ്പിച്ച് റോപ് േവ, ഏറുമാടങ്ങൾ, വാച്ച് ടവർ എന്നിവ നിർമിക്കണമെന്ന് ആവശ്യമുണ്ട്. നാഗപ്പാറയോട് ചേർന്നൊഴുകുന്ന കൂവ പ്ലാവ് അരുവിയിൽവനത്തിലെ വൃക്ഷങ്ങൾ നശിപ്പിക്കാതെ മിനി ചെക്ക്ഡാം നിർമിച്ചാൽ ബോട്ടിങ്ങിന് സൗകര്യമൊരുക്കുന്നതിനും കുടിവെള്ള ക്ഷാമത്തിനും ജലസേചനത്തിനും വഴിയൊരുക്കാം. ഗ്രാമീണ ഇക്കോ ടൂറിസം പദ്ധതിയിലേക്ക് പ്രദേശത്തെ ഉൾപ്പെടുത്തി പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് പദ്ധതി ജില്ല ടൂറിസം വകുപ്പിന് നൽകിയെങ്കിലും നടപടിയെങ്ങുമെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

