മസ്റ്ററിങ് നടത്തിയില്ല; 13670 കാർഡുകളിലെ അംഗങ്ങളുടെ പേരുകൾ ഇ-പോസ് മെഷീനിൽ നിന്ന് നീക്കി
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: ജില്ലയിൽ റേഷൻ കാർഡ് മസ്റ്ററിങ് നടത്താത്ത മഞ്ഞ, പിങ്ക് (എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗം) കാർഡുകളിൽ 13670 കാർഡുകളിലെ അംഗങ്ങളുടെ പേരുകൾ ഇ-പോസ് മെഷീനിൽ നിന്ന് നീക്കി. പലതവണ ആവശ്യപ്പെട്ടിട്ടും മുൻഗണനാവിഭാഗം കാർഡുകളിലെ കേരളത്തിന് പുറത്തുള്ള അംഗങ്ങൾ മസ്റ്ററിങ് നടത്തുകയോ റേഷൻവിഹിതം പുനഃസ്ഥാപിച്ച് നൽകണമെന്ന് ആവശ്യപ്പെടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി.
എന്നാൽ, റേഷൻ കാർഡുകളിൽ ഇവരുടെ പേര് ഇപ്പോഴുമുണ്ട്. ഇതും ഒഴിവാക്കാനാണ് തീരുമാനം. അടൂർ-1264, കോന്നി-1392, കോഴഞ്ചേരി-4635, മല്ലപ്പള്ളി-3725, തിരുവല്ല-1474, റാന്നി-1180 എന്നിങ്ങനെയാണ് ഒഴിവാക്കിയ കാർഡിന്‍റെ താലൂക്ക് തിരിച്ചുള്ള കണക്ക്. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആധികാരിക രേഖയാണ് റേഷൻ കാർഡ്. വസ്തു സംബന്ധമായ കാര്യങ്ങൾ, ഗ്യാസ് കണക്ഷൻ, സബ്സിഡി ആവശ്യങ്ങൾ എന്നിവയ്ക്ക് റേഷൻ കാർഡ് അത്യാവശ്യമാണ്.
പേരില്ലാതാവുമ്പോൾ ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും. മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കും മറ്റുമായി പോയവരാണ് മസ്റ്ററിങ് നടത്താത്തവരിൽ ഭൂരിഭാഗവും. ഇവർക്ക് അവസാനമായി നോട്ടീസ് അയച്ച് ഒരവസരം കൂടി നൽകാനാണ് അധികൃതരുടെ തീരുമാനം. തപാൽ വഴിയോ നേരിട്ടോ നോട്ടീസ് ലഭ്യമാക്കും. മസ്റ്ററിങ് പൂർത്തിയാക്കിയാൽ എൻ.ആർ.കെ സ്റ്റാറ്റസ് ഒഴിവാക്കി റേഷൻ വിഹിതം പുനഃസ്ഥാപിക്കും.ജില്ലയിൽ ആകെ 141587 മുൻഗണനാ വിഭാഗക്കാരാണുള്ളത്. ഇതിൽ 22621 മഞ്ഞ കാർഡുകളും 118966 പിങ്ക് കാർഡുകളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

