റാന്നിയിലെ പച്ചക്കറി വ്യാപാരിയുടെ കൊലപാതകം; മൃതദേഹത്തിന് കാവൽ നിന്ന പൊലീസുകാരനെ മർദിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsവിഷ്ണു, ശ്രീജിത്ത്, അർജുൻ
പത്തനംതിട്ട: റാന്നിയിൽ വെട്ടേറ്റു മരിച്ച പച്ചക്കറി വ്യാപാരിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രി മോർച്ചറിയിൽ ഡ്യൂട്ടിക്ക് നിന്ന പൊലീസുദ്യോഗസ്ഥനെ മർദിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. റാന്നി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി. ലിജുവിനാണ് മദ്യപിച്ചെത്തിയ യുവാക്കളിൽ നിന്ന് മർദനമേറ്റത്. റാന്നി മുണ്ടപ്പുഴ സ്വദേശികളായ പുതുശ്ശേരിൽ വിഷ്ണു (29), കരുണാലയം വീട്ടിൽ കെ.എസ് ശ്രീജിത്ത് (35), കീക്കാവിൽ അർജുൻ (20) എന്നിവരെയാണ് റാന്നി പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രി 10.30 ന് റാന്നി മാർത്തോമ്മ ആശുപത്രിക്ക് സമീപം പച്ചക്കറി കടയിൽ അടിപിടി നടക്കുന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇതിനിടെ വെട്ടേറ്റ് മരിച്ച റാന്നി ചേത്തക്കൽ പുത്തൻപുരയിൽ അനിൽകുമാറിനെ (55) മാർത്തോമ്മ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹം സൂക്ഷിച്ച ആശുപത്രി മോർച്ചറിക്ക് സമീപം പൊലീസ് ഓഫീസർ ലിജുവിനെ രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചു. രാത്രി 11.30 ഓടെ പിക്അപ് വാനിൽ എത്തിയ മൂവരും മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി. ഇവർ മരിച്ച അനിലിന്റെ ബന്ധുക്കളാണെന്ന് കരുതിയ ലിജു മൃതദേഹം കാണിച്ചു. പുറത്തുവന്ന ഇവർ അനിൽകുമാർ വധക്കേസിലെ പ്രതികളെ പിടിച്ചില്ലെന്ന് ആരോപിച്ച് ലിജുവുമായി തർക്കത്തിലായി.
ഒന്നാംപ്രതി വിഷ്ണു കൈയിലിരുന്ന താക്കോൽ കൊണ്ട് മുഖത്ത് കുത്തിയത് തടഞ്ഞപ്പോൾ ലിജുവിന്റെ ഇരു കൈകൾക്കും മുറിവേറ്റു. രണ്ടാംപ്രതി ശ്രീജിത്ത് മുഖത്ത് അടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സ്ഥലത്തുനിന്നും മാറിനിൽക്കാൻ ശ്രമിച്ച ലിജുവിനെ മൂന്നാം പ്രതി അർജുൻ തടഞ്ഞുനിർത്തി മർദിച്ചു. റാന്നി സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തി പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ലിജുവിന്റെ മൊഴിപ്രകാരം പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു. പത്തനംതിട്ട കോടതി പ്രതികളെ കൊട്ടാരക്കര ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

