സ്വകാര്യ ബസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം
text_fieldsപത്തനംതിട്ട: സ്വകാര്യബസില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. അടൂരില്‍നിന്ന് പത്തനംതിട്ടക്കുള്ള യാത്രക്കിടെയാണ് 17കാരന് നേരെ മധ്യവയസ്കൻ അതിക്രമം കാട്ടിയത്. സംഭവത്തില്‍ വിഡിയോ ദൃശ്യങ്ങള്‍ സഹിതം 17കാരൻ പൊലീസിൽ പരാതി നല്കി. പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തതായും ദൃശ്യങ്ങള്‍ പരിശോധിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ അടൂർ-കൈപ്പട്ടൂർ റൂട്ടിൽ തട്ടക്കും മങ്കുഴിക്കും ഇടയിലാണ് സംഭവം. അടൂരില്‍നിന്ന് ബസില്‍ കയറിയ 17കാരനാണ് യാത്രക്കിടെ ദുരനുഭവമുണ്ടായത്. ബസിലെ ഏറ്റവും പിൻനിരയിലെ സീറ്റിലാണ് കുട്ടി ഇരുന്നത്. യാത്രക്കിടെ ഇടതു വശത്തിരുന്ന മധ്യവയസ്കനായ ആളാണ് കുട്ടിയോട് മോശമായി പെരുമാറിയത്. ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിച്ചതായാണ് ആണ്‍കുട്ടിയുടെ പരാതി. മധ്യവയസ്കന്റെ അതിക്രമം 17കാരൻ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു.
തുടര്‍ന്ന് കുട്ടി ഇത് ചോദ്യംചെയ്ത് ബഹളംവെക്കുകയും ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇതിനിടെ മങ്കുഴിയിൽ ബസ് നിർത്തിയപ്പോൾ മധ്യവയസ്കൻ ബസില്‍നിന്നിറങ്ങി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ കൊടുമണ്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

