മിനി സിവിൽ സ്റ്റേഷൻ കെട്ടിടം അൺഫിറ്റ്
text_fieldsപത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ
സീലിങ് ഇളകിയ നിലയിൽ
പത്തനംതിട്ട: വർഷങ്ങൾ പഴക്കമുള്ള പത്തനംതിട്ട മിനി സിവിൽസ്റ്റേഷൻ കെട്ടിടം അൺഫിറ്റ് എന്ന് റിപ്പോർട്ട്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും അടിയന്തരമായി ഓഫിസുകൾ മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു. ബലപരിശോധന നടത്തിയ കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് റിപ്പോർട്ട് നൽകിയത്. ഇതേത്തുടർന്ന് കലക്ടറേറ്റിൽ കഴിഞ്ഞ ദിവസം അടിയന്തിരയോഗം ചേർന്നിരുന്നു.
മിനി സിവിൽ സ്റ്റേഷനിലെ കോടതികൾ ഉൾപ്പെടെ 30 ഓളം വരുന്ന വിവിധ സർക്കാർ ഓഫിസുകൾ സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് സർക്കാറിന് കത്തുനൽകാൻ യോഗത്തിൽ തീരുമാനമായി. ഓരോ ഓഫിസും കെട്ടിട സൗകര്യം ലഭിക്കുന്നതനുസരിച്ചാകും മാറ്റുക. തുടർന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം കൂടുതൽ പരിശോധന നടത്തും. കോടതികളും സർക്കാർ ഓഫീസുകളും അധികം വൈകാതെ മിനി സിവിൽ സ്റ്റേഷനിൽനിന്ന് മാറ്റും.
കെട്ടിടത്തിന്റെ ഉറപ്പ് വിലയിരുത്തുന്നതിന് ജനുവരിയിലാണ് കെ.എച്ച്.ആർ.ഐ ബലപരിശോധന നടത്തിയത്. വിവിധ ഭാഗങ്ങളിൽനിന്നും കോൺക്രീറ്റ് സാംപിളുകൾ ശേഖരിച്ചിരുന്നു. പ്ലാസ്റ്ററിങ് ഉൾപ്പെടെ മേൽ ആവരണങ്ങൾ ഇളക്കിയാണ് പരിശോധന നടത്തിയത്. കെട്ടിടത്തിന്റെ പല ഭാഗത്തും കോൺക്രീറ്റ് പാളികളുൾപ്പെടെ ഇളകിയ നിലയിലാണ്. ഭിത്തികളിൽ വിള്ളൽ വീണിട്ടുണ്ട്. തൂണുകളിലെ കോൺക്രീറ്റ് അടർന്നുമാറി കമ്പികൾ തുരുമ്പെടുത്ത് നിൽക്കുകയാണ്.
അഞ്ച് നിലയുള്ള കെട്ടിടത്തിന് 41 വർഷത്തെ പഴക്കമുണ്ട്. കോടതികൾ പ്രവർത്തിക്കുന്നത് കെട്ടിടത്തിന്റെ ഒരു ഭാഗത്താണ്. താലൂക്ക് ഓഫിസ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫിസ്, ഗവർമെന്റ് പ്ലീഡറുടെ ഓഫിസ്, റവന്യൂ റിക്കവറി ഓഫിസ്, ജില്ല പ്രൊബേഷൻ ഓഫിസ്, സഹകരണ ഓഡിറ്റ് അസി. ഡയറക്ടറുടെ ഓഫിസ്, സാമ്പത്തിക സ്ഥിതിവിവര കണക്ക് ഓഫിസ്, പൊതുമരാമത്ത് കെട്ടിടവിഭാഗം തുടങ്ങി 30ഓളം ഓഫിസുകൾ ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. 500ൽ അധികം ജീവനക്കാരുള്ള ഇവിടെ ദിവസേന പല ആവശ്യങ്ങൾക്കായി നൂറുകണക്കിനാളുകളാണ് എത്തുന്നത്.നിലവിൽ വാഹന പാർക്കിങ് സൗകര്യങ്ങളും പരിമിതമാണ്. ഇത്രയും ഓഫിസുകൾ ജില്ല ആസ്ഥാനത്ത് എങ്ങോട്ടേക്ക് മാറ്റുമെന്നതിൽ ജീവനക്കാർക്ക് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

