അപകടത്തിൽ വ്യാപാരി മരിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ
text_fieldsമുകേഷ്, ശ്രീജിത്
പത്തനംതിട്ട: കെ.പി റോഡിൽ ഏഴംകുളം പട്ടാഴി മുക്കിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ, അപകടമുണ്ടാക്കിയ ബൈക്ക് മോഷ്ടിച്ചതെന്ന് അടൂർ പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ പുനലൂർ കരവാളൂർ കലയനാട് പന്നിക്കോണം ചരുവിള പുത്തൻവീട്ടിൽ പി. മുകേഷ് (32), പത്തനാപുരം പുന്നല ചാച്ചിപുന്ന ഇഞ്ചൂർ തെക്കേക്കര, ലക്ഷംവീട് കോളനിയിൽ ശ്രീജിത് (20) എന്നിവരുടെ അറസ്റ്റ് ഇവർ ചികിത്സയിൽ കഴിയുന്ന മങ്ങാട് മൗണ്ട് സിയോൺ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പൊലീസ് രേഖപ്പെടുത്തി. ശ്രീജിത്തിന്റെ സഹോദരീഭർത്താവാണ് മുകേഷ്. മുകേഷ് ഇരുപതിലധികം മോഷണക്കേസിലും പോക്സോ കേസിലും ഉൾപ്പെടെ പ്രതിയാണെന്നും അടൂർ പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. വ്യാഴാഴ്ച കടമ്പനാട് ലക്ഷ്മി നിവാസിൽ അർജുന്റെ ടി.വി.എസ് ബൈക്കാണ് ഇവർ മോഷ്ടിച്ചത്. ബൈക്കുമായി പത്തനാപുരം ഭാഗത്തേക്ക് അമിതവേഗത്തിൽ പോകവെയാണ് വൈകീട്ട് 6.10ന് പട്ടാഴിമുക്കിൽ അപകടമുണ്ടായത്. അടൂർ ഫെഡറൽ ബാങ്കിന് സമീപം പി.എസ്.സി കോച്ചിങ് ക്ലാസിന് എത്തിയതായിരുന്നു ബൈക്ക് ഉടമയായ അർജുൻ. ക്ലാസ് നടക്കുന്ന കെട്ടിടത്തിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം ക്ലാസിൽ കയറി. തുടർന്ന് രാത്രി ഏഴിന് ക്ലാസ് കഴിഞ്ഞ് തിരികെ വന്നു നോക്കുമ്പോൾ ബൈക്ക് കണ്ടില്ല. ഉടൻ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ 6.57ന് രണ്ട് യുവാക്കൾ ബൈക്കുമായി പോകുന്നത് ശ്രദ്ധയിൽപെട്ടു. ഇതോടെ അർജുൻ പരാതിയുമായി അടൂർ പൊലീസിനെ സമീപിച്ചു. ബൈക്ക് മോഷണം പോയ വിവരം അർജുൻ സമൂഹമാധ്യമങ്ങളിൽകൂടിയും പ്രചരിപ്പിച്ചിരുന്നു. പരാതിയിൽ അന്വേഷണം നടക്കവെയാണ് അപകടമുണ്ടാക്കിയത് മോഷ്ടിക്കപ്പെട്ട വാഹനമാണെന്ന് അറിയുന്നത്.
ഒന്നാം പ്രതി മുകേഷിന് ഗുരുതര പരിക്കുള്ളതിനാൽ, മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാണ് തുടർ നടപടികൾ സ്വീകരിച്ചത്. മുകേഷ് സ്ഥിരം ബൈക്ക് മോഷണക്കേസുകളിലെ പ്രതിയാണ്. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അപകടത്തിൽ മരിച്ച നസീറിന്റെ മൃതദേഹം വെള്ളിയാഴ്ച ഏഴാംകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അടൂർ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

