കാടുമൂടിയൊരു മെഡിക്കൽ കോളജ്
text_fieldsഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിപരിസരം കാടുമൂടിയ നിലയിൽ
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിപരിസരം കാടുകയറി ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും താവളമാകുന്നു. ആശുപത്രിയിലെത്തുന്ന രോഗികൾ ഭയത്തോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. നിർമാണം പൂർത്തിയാക്കിയ പുതിയ ബ്ലോക്ക്, പഴയ ബ്ലോക്ക്, വിദ്യാർഥികളുടെ അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റലുകൾ, പ്രിൻസിപ്പൽ ഓഫിസ്, മറ്റ് അനുബന്ധ ഓഫിസ് പരിസരങ്ങളിലെല്ലാം കാടുപടലങ്ങൾ വളർന്നു നിൽക്കുകയാണ്.
വെള്ളാപ്പാറ ഫോറസ്റ്റ് ഡിവിഷനോട് ചേർന്ന ഇവിടെം വന്യജീവികളുടെയും ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രമാണ്. കിടപ്പ്രോഗികളുടെ കൂട്ടിരിപ്പുകാരൊക്കെ രാത്രി ഭക്ഷണത്തിനും മരുന്നിനുമൊക്കെയായി പുറത്തിറങ്ങുമ്പോൾ ഇഴജന്തുക്കളെ പതിവായി കാണുന്നതായി പറയുന്നു. പഴയ ബ്ലോക്കിൽനിന്ന് പുതിയതിലേക്ക് നടന്നുപോകുമ്പോഴും സമാനഅവസ്ഥയാണ്. ആശുപത്രിപരിസരം ശുചിത്വമുള്ളതായി പരിപാലിക്കുന്നതിൽ അധികൃതർ വീഴ്ചവരുത്തുകയാണ്. വിഷമുള്ള പാമ്പുകളും പെരുമ്പാമ്പുകളുംവരെ ആശുപത്രിക്കും ജീവനക്കാരുടെയും വിദ്യാർഥികളുടെയും താമസസ്ഥലത്തും വരെ എത്തുന്നു. കാട്ടുപന്നികളും മ്ലാവും കേഴയുമെല്ലാം ആശുപത്രിപരിസരത്ത് സ്ഥിരമായി കാണാറുണ്ട്.
കാടുമൂടിയ പരിസരം അട്ടശല്യത്തിനും കാരണമാകുന്നു. ആശുപത്രിയിലെത്തുന്ന രോഗികളും ജീവനക്കാരും അട്ടശല്യത്തിൽ പൊറുതിമുട്ടുകയാണ്. റോഡിൽനിന്ന് നോക്കിയാൽ മെഡിക്കൽ കോളജ് ആശുപത്രി കാണാൻപോലും സാധിക്കാത്തവിധം കാടുംവള്ളി പടർപ്പുകളും വളർന്നു. കാട് നിറഞ്ഞ പരിസരം തെരുവ് നായ്ക്കളുടെയും കേന്ദ്രമായി. ആശുപത്രി വികസന സമിതിയും അധികൃതരും ആശുപത്രി പരിസരം വൃത്തിയാക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

