ആഞ്ഞിലിക്കുഴി ആറിന് മരണമണി; കടകളില്‍നിന്ന് ഇറച്ചി അവശിഷ്ടങ്ങള്‍ കൊണ്ടിടുന്നതായി നാട്ടുകാര്‍
text_fieldsതിരുവല്ല: പായലും പോളയും നിറഞ്ഞ് ഒഴുക്കു നിലച്ച ആഞ്ഞിലിക്കുഴി ആറിനു മരണമണി. മൂന്നു കിലോമീറ്റർ ദൂരത്തിൽ കുറ്റൂർ, തിരുവൻ വണ്ടൂർ പഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന നദി വെറും നീർച്ചാൽ മാത്രമായി. കറുത്ത നിറത്തില്‍ കൊഴുത്ത വെളളത്തിന് ചില ഭാഗങ്ങളില്‍ കടുത്ത ദുര്‍ഗന്ധമുണ്ട്. കാലങ്ങളായ മാലിന്യം അടിഞ്ഞുകിടക്കുന്നു. കടകളില്‍നിന്ന് ഇറച്ചി അവശിഷ്ടങ്ങള്‍ കൊണ്ടിടുന്നതായി നാട്ടുകാര്‍ പറയുന്നു.
നീര്‍നായ്ക്കളും കുളയട്ടകളും പെരുകി. മഴപെയ്യുമ്പോള്‍ മാത്രം ഒഴുക്കുവീഴുന്ന സ്ഥിതിയാണ് ഇപ്പോള്‍. കര്‍ക്കടകം പാതി പിന്നിട്ടപ്പൊഴേ ജലനിരപ്പ് താഴുകയാണ്. കരകളിലെ കിണറുകളില്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ മലിന ജലം നിറയും. നദിയെ തിരികെപ്പിടിക്കാന്‍ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. പ്രത്യേക ധനസഹായത്തോടെ മീന്‍ വളര്‍ത്താൻ ഇറങ്ങിയവരും പാതിവഴി പദ്ധതി ഉപേക്ഷിച്ചു.
വരട്ടാറിന്റെ ശാഖകള്‍ ചേര്‍ന്ന് മധുരംപുഴയുടെ കൈവഴിയായി തെങ്ങേലിയില്‍ തുടങ്ങുന്നതാണ് ആഞ്ഞിലിക്കുഴി. ഈരടിച്ചിറ പുത്തന്തോട്ടി മണിമലയാറിന്റെ കൈവഴിയാകും. തെങ്ങേലി ലക്ഷം വീട്, പുതുവല്‍ തുടങ്ങിയ ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ രണ്ടായിരത്തോളം കുടുംബങ്ങള്‍ക്ക് സഹായമായിരുന്ന ജലസ്രോതസ്സാണ് ആഞ്ഞിലിക്കുഴിയാർ. ആറിന്റെ പുനരുജ്ജീവന ജോലികളെല്ലാം വിഫലമാവുകയായിരുന്നു.
2009 മുതല്‍ 2015 വരെ പത്ത് ലക്ഷത്തിലധികം രൂപ ചെലവിട്ട് പോളകള്‍ നീക്കി. 2018-ല്‍ 2.35 ലക്ഷം രൂപ ചെലവില്‍ തൊഴിലുറപ്പില്‍ വീണ്ടും ചില ഭാഗത്ത് പോള നീക്കി. നാശോന്മുഖമായ തണ്ണീര്‍ത്തടം തിരികെപ്പിടിക്കാന്‍ നടപ്പാക്കിയ പദ്ധതികൾ എല്ലാം പാഴായി.
30 മീറ്റര്‍ വരെ വീതിയുണ്ടായിരുന്ന ആറിന് ഇപ്പോള്‍ പലയിടത്തും പത്തു മീറ്ററില്‍ താഴെയാണ് വീതി. വെളളം താഴുമ്പോള്‍ ആഞ്ഞിലിക്കുഴിയില് ഒഴുക്ക് നിലക്കുന്നതിന്റെ പ്രതിഫലനം കരയിലും ഉണ്ടാകും. കിണറുകളില്‍ ജലനിരപ്പ് ക്രമാതീതമായി താഴും. വെളളത്തിന്റെ നിറം മാറി ദുർഗന്ധപൂരിതമാവും. ആറ്റില്‍ വെളളമുളളപ്പോള് പലരും മോട്ടോര്‍ ഉപയോഗിച്ച് കിണറിന് ചുറ്റുമുളള ഭൂമിയിലേക്ക് വെളളം പമ്പ് ചെയ്തിരുന്നു. എന്നാൽ ഇത്തവണ ഓണമെത്തും മുമ്പ് ആഞ്ഞിലിക്കുഴി വറ്റുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

