ന്യായവിലയുടെ പേരിൽ വൻ തട്ടിപ്പ്
text_fieldsപത്തനംതിട്ട: കുളനട, മെഴുവേലി വില്ലേജുകളിൽ ഭൂമിയുടെ ന്യായവില കുറയ്ക്കണമെന്ന് കുളനട പൗരസമിതി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2010 ൽ ന്യായവില നിശ്ചയിച്ചപ്പോൾ ഒരു ആറിന് '0' കൂടിപ്പോയി . ഉദാഹരണത്തിന് 15,000 രൂപാക്ക് പകരം 1,50,000 രൂപ ആയി.
അന്നു മുതൽ നിരവധി പരാതികൾ, മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലന്ന് പൗരസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാട്ടുകാരായ രണ്ടു റവന്യൂ ഉദ്യോഗസ്ഥരുടെ കാലത്താണ് ഈ ഉയർന്ന വില നിശ്ചയിച്ചത്. രണ്ടുപേരും കൈക്കൂലിക്കും മറ്റും നിരവധി തവണ ശിക്ഷ നടപടിക്ക് വിധേയരായവരാണ്.
ഒരാൾ സി.പി.ഐ.നേതാവുമാണ്. ഇവർ വിരമിച്ച ശേഷവും പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് വൻ തട്ടിപ്പുകൾ നടത്തുകയാണ്. നിരവധിയാളുകളിൽനിന്ന് വൻ തുകയാണ് പ്രമാണം രജിസ്റ്റർ ചെയ്യുന്നതിന് കബളിപ്പിച്ചു വാങ്ങിയത്.
തുമ്പമൺതാഴം വട്ടംകുന്ന് മലയിൽ ഫെയർ വാല്യു കുറച്ചു നൽകുന്നതിന് 2023 ൽ നൽകിയ അപേക്ഷയിൽ ഇതുവരെ തീരുമാനമായില്ലെന്ന് വൈ. വർഗീസ് പറഞ്ഞു. മെഴുവേലി വില്ലേജിൽ ഉളനാട് വടക്കേകരയത്ത് വി.എ. തോമസ് എന്നയാളിന്റെ വസ്തു വീതംവച്ച് നാലു പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് 4,15,000 രൂപ ഉയർന്ന ഫെയർ വാല്യു ആണെന്ന് പറഞ്ഞ് കബളിപ്പിച്ചു വാങ്ങി.
അന്വേഷണത്തിൽ എല്ലാ ചെലവും ഉൾപ്പെടെ 69,190 രൂപ മാത്രമാണ് വേണ്ടിവരുന്നത്. 3,45,810 രൂപയാണ് തോമസിൽനിന്നു കബളിപ്പിച്ചു വാങ്ങിയത്. പത്തനംതിട്ട ഡി.വൈ.എസ്.പിക്ക് 2025 സെപ്റ്റംബറിൽ പരാതി നൽകിയിരുന്നതായും തോമസ് പറഞ്ഞു.
കബളിപ്പിക്കൽ നടന്നതായി പൊലീസിന് ബോധ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. തുടർന്ന് മുഖ്യമന്ത്രിക്ക് കഴിഞ്ഞ 13 ന് പരാതി നൽകി. കുളനട, മെഴുവേലി വില്ലേജുകളിലെ നിരവധി സാധാരണക്കാരിൽനിന്ന് ലക്ഷങ്ങളാണ് ഇവർ കബളിപ്പിച്ചു വാങ്ങുന്നത്. പരാതികളെ തുടർന്ന് അദാലത്ത് നടത്താൻ തീരുമാനിച്ചെലും ജീവനക്കാർ കുറവാണന്നു പറഞ്ഞ് ഒഴിയുകയാണ്. ഉളനാട് സ്വദേശികളായ ബാബു ശാമുവേൽ, വി.എ. തോമസ്, വൈ. വർഗീസ്, വി.സി. തോമസ്, എം.ഡി. ജോഷ്വാ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

